മലയാലപ്പുഴ: ഓട്ടൻതുള്ളലിന് മൂന്ന് രൂപങ്ങളുണ്ട്. ഓട്ടൻ, ശീതങ്കൻ, പറയൻ. മൂന്നും ഒരേ വേദിയിൽ അവതരിപ്പിക്കുകയാണ് കലാമണ്ഡലം നിഖിൽ. പുതിയ തലമുറയെ ഇൗ കലയോട് അടുപ്പിക്കുകയാണ് ലക്ഷ്യം. നിഖിലിന്റെ തുള്ളൽ ത്രയം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഓട്ടൻ മറ്റുള്ളവർ പൊതുവെ അവതരിപ്പിക്കുന്നുണ്ടങ്കിലും ശീതങ്കനും പറയനും കുറഞ്ഞു. ശീതങ്കന്റെ വേഷവിധാനമായ കുരുത്തോല മെടയാൻ തന്നെ വേണം രണ്ടര മണിക്കൂർ.
ഗുരുവായ കലാമണ്ഡലം പ്രഭാകരനാണ് തുള്ളൽത്രയം ചിട്ടപ്പെടുത്തി നൽകിയത്.
മലയാലപ്പുഴ ആനചാരിക്കൽ വട്ടമൺ കുഴിയിൽ സുകേശന്റെയും പൊന്നമ്മയുടെയും മകനാണ് ഇരുപത്തിയാറുകാരനായ നിഖിൽ. തുള്ളൽ കവിതകൾ വായിച്ചാണ് തുള്ളൽ പഠിക്കാൻ ആഗ്രഹം തുടങ്ങിയത്. കേരള കലാമണ്ഡലത്തിൽ നിന്ന് ഓട്ടൻ തുള്ളലിൽ എം.എ നേടി. എം.ഫില്ലിന് ചേരാനുള്ള തയ്യാറെടുപ്പിലാണ്.
കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ യുവകലാകാരൻമാർക്കുള്ള സ്‌കോളർഷിപ്പും ലഭിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ്, ഹയർ സെക്കന്ററി തലത്തിൽ എ ഗ്രേഡ്, സംസ്ഥാന കേരളോത്സവത്തിൽ ഒന്നാം സ്ഥാനം എന്നിവ നേടിയിട്ടുണ്ട്. ആകാശവാണിയിലും ദൂരദർശനിലും തുള്ളൽ അവതരിപ്പിച്ചിട്ടുണ്ട് മലയാലപ്പുഴ ക്ഷേത്രത്തിലെ ഉത്സവത്തിൽ നാല് ദിവസം നിഖിലിന്റെ തുള്ളലുണ്ടാവും..
ഓട്ടൻതുള്ളലിലെ ചിട്ടകളുമായി ബന്ധപ്പെട്ട പുസ്തക രചനയിലാണിപ്പോൾ.തുള്ളലിനായി ശരീരത്തെ മെരുക്കിയെടുക്കാനുള്ള ഉഴിച്ചിലും ചവിട്ടിത്തിരുമ്മലും ഒപ്പമുണ്ട്.
---------------------
സംസ്ഥാന പുരസ്‌കാരം ലഭിച്ച ആളൊരുക്കം എന്ന സിനിമയിൽ പപ്പു പിഷാരടിയെന്ന തുള്ളൽ കലാകാരനായ കഥാ പാത്രത്തിനായി ഇന്ദ്രൻസിന് പരിശീലനം നൽകിയത് നിഖിലാണ്.