പത്തനംതിട്ട: വ്യാപാര മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി (ഹസൻകോയ വിഭാഗം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 11ന് പത്തനംതിട്ട ഗാന്ധി സ്‌ക്വയറിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്ധനവില വർദ്ധന പിൻവലിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക,ലോക്ക്ഡൗൺ കാലത്തെ ഗാർഹിക വൈദ്യുതി ബില്ലുകളിലുണ്ടായ വർദ്ധന പിൻവലിക്കുക, വ്യാപാര മേഖലയിലെ വൈദ്യുതി താരിഫായ ഏഴ് എയിലെ മുഴുവൻ ഉപഭോക്താക്കൾക്കും ലോക്ക്ഡൗൺ കാലത്തെ വൈദ്യുതി ബില്ലുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമിതി മുന്നോട്ടുവച്ചിരിക്കുന്നത്. ലോക്ക്ഡൗൺ കാലത്തെ വാടകനിരക്കിൽ ഇളവു നൽകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടും തദ്ദേശസ്ഥാപനങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കുപോലും ഇളവുകൾ ലഭിച്ചിട്ടില്ലെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.2018ലെ മഹാപ്രളയത്തിൽ ബുദ്ധിമുട്ടിലായവരെ സഹായിക്കാൻ ഫണ്ട് സ്വരൂപിക്കുന്നതിനുവേണ്ടി ഒരുവർഷത്തേക്കു മാത്രമായി ആരംഭിച്ച പ്രളയസെസ് ഇതേവരെയും അവസാനിപ്പിച്ചിട്ടില്ല.വ്യാപാര മേഖലയെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജും കുറഞ്ഞ പലിശനിരക്കിലുള്ള വായ്പ ലഭ്യമാക്കാൻ നടപടിയുമാണ് ആവശ്യമായിട്ടുള്ളതെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി അഭിപ്രായപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര,ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം പരുവാനിക്കൽ,വൈസ് പ്രസിഡന്റ് ഷാജി മാത്യു,സംസ്ഥാന കൗൺസിൽ അംഗം സുരേഷ് ബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.