പത്തനംതിട്ട: ക്വാറന്റൈനിൽ നിന്ന് മുങ്ങുന്നവരും നിർദ്ദേശങ്ങൾ ലംഘിക്കുന്നവരും ആരോഗ്യവകുപ്പിന് തലവേദനയായി.
തിരുവല്ലയിൽ ഒരാൾ ക്വാറന്റൈൻ ലംഘിച്ചതായി കഴിഞ്ഞ ദിവസം പരാതി ലഭിച്ചിരുന്നു. വിദേശത്ത് നിന്നെത്തിയ ആൾ 14 ദിവസത്തെ ക്വാറന്റൈന് ശേഷം പ്രഭാത സവാരിക്കിറങ്ങിയിരുന്നു. ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം. ചൊവ്വാഴ്ച കൊവിഡ് പോസീറ്റീവായ വെട്ടിപ്രം സ്വദേശിനി ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ അറിയിച്ചപ്പോൾ സ്വന്തം വാഹനത്തിൽ എത്താൻ അധികൃതർ നിർദേശിച്ചിരുന്നു. മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങിയാണ് ഇവർ മടങ്ങിയത്. മറ്റ് ചില കടകളിലും ഇവർ കയറിയതായി പറയുന്നു. പക്ഷേ ആരോഗ്യ വകുപ്പിനോട് മെഡിക്കൽ സ്റ്റോറിൽ മാത്രമേ പോയുള്ളുവെന്നാണ് യുവതി പറയുന്നത് ഇവരുടെ ഭർത്താവ് പുറത്തിറങ്ങി സഞ്ചരിച്ചതായി വിവരമുണ്ട്.
-----------------------
സ്ഥിതി രൂക്ഷമാകാൻ സാദ്ധ്യത
കൊവിഡ് കേസുകൾ വർദ്ധിച്ചതോടെ ജില്ലയിൽ സ്ഥിതി രൂക്ഷമാകാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. സമ്പർക്കത്തിലൂടെ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് ഇതുവരെയുള്ള റിപ്പോർട്ട്. പത്തനംതിട്ട കൊവിഡ് ആശുപത്രിയിലെ നഴ്സും മല്ലപ്പുഴശേരി പഞ്ചായത്തിലെ ആശാ വർക്കറുമാണിവർ. ഇവരുടെ പ്രൈമറി, സെക്കൻഡറി കോൺടാക്ടുകളെ ആരോഗ്യ വകുപ്പ് നിരീക്ഷിച്ച് വരികയാണ്.
--------------------
ഒരു കാരണവശാലും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടരുതെന്ന് ക്വാറന്റൈനിലുള്ളവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വന്തം വാഹനത്തിൽ എത്താൻ ചില നേരങ്ങളിൽ ആവശ്യപ്പെടാറുണ്ട്. ആംബുലൻസ് വൈകുമ്പോഴാണിത് . പക്ഷേ മറ്റ് സമ്പർക്കങ്ങളുണ്ടാവാൻ പാടില്ല. ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഡോ.എ.എൽ ഷീജ
(പത്തനംതിട്ട ഡി.എം.ഒ)
------------
രോഗമുക്തർ - 79
നിലവിൽ രോഗികൾ - 170
ആകെ രോഗികൾ - 250