photo
കോന്നി ജോയിന്റ് ആർ.ടി ഓഫീസിന്റെ ഉൾവശം

കോന്നി : കോന്നി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് ജൂലായ് മൂന്നിന് ഗതാഗത വകുപ്പ് മന്ത്റി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം.ചെയ്യും.കോന്നി,വർക്കല, ചടയമംഗലം,പത്തനാപുരം,കൊണ്ടോട്ടി, ഫറൂഖ്,( രാമനാട്ടുകര ) പയ്യന്നൂർ ഉൾപ്പെടെ കേരളത്തിൽ അനുവദിച്ച ഏഴ് ആർ.ടി ഓഫീസുകളിൽആറ് എണ്ണവും ഇത് വരെ പ്രവർത്തനം ആരംഭിക്കാത്ത പശ്ചാത്തലത്തിൽ, കെ.യു.ജനീഷ് കുമാർ എം.എൽ.എ നടത്തിയ നിരന്തരമായ ഇടപെടലുകളുടെ ഫലമാണ് കോന്നിയിൽ ജോയിന്റ് ആർ.ടി ഓഫീസ് പ്രവർത്തന സജ്ജമാകുന്നത്.കോന്നി ആനക്കൂട് റോഡിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ബി ആൻഡ് ബി ബിൽഡിംഗ്‌സിൽ 1950 സ്‌ക്വയർ ഫീ​റ്റ് സ്ഥലത്താണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്.ഓഫീസ് ഉദ്ഘാടനത്തിന് സജ്ജമായതായി എം.എൽ.എ അറിയിച്ചു.

നിയമനം പൂർത്തിയായി

ഓഫീസ് കാബിനുകളുടെ നിർമ്മാണം പൂർത്തിയായി.സർക്കാർ അനുവദിച്ച ഏഴ് തസ്തികകളിൽ ജീവനക്കാരെയും നിയമിച്ചു.ഒരു ജോയിന്റ് ആർ.ടി.ഒ,ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ,രണ്ട് അസിസ്​റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ,ഒരു ഹെഡ് അക്കൗണ്ടന്റ്, ഒരു സീനിയർ ക്ലർക്ക്, ഒരു ജൂനിയർ ക്ലർക്ക് എന്നീ തസ്തികകളിലാണ് നിയമനം നടന്നത്.ഡ്രൈവർ, ഓഫീസ് അ​റ്റൻഡന്റ് തസ്തികകളിൽ എംപ്ലോയിമെന്റ് മുഖേന നിയമനം നടത്തിയിട്ടുണ്ട്.കാഷ്വൽ സ്വീപ്പർ തസ്തികയിലും എംപ്ലോയിമെന്റ് മുഖേന നിയമനം നടത്തും.ഓഫീസ് പ്രവർത്തനത്തിനാവശ്യമായ 10 കമ്പ്യൂട്ടർ ലഭ്യമായിട്ടുണ്ട്.ഒരു ഓൾ ഇൻവൺ കമ്പ്യൂട്ടർ ഉടൻ എത്തും. മൂന്ന് ലാപ്‌ടോപ്പുകളും രണ്ട് ദിവസത്തിനകം ലഭ്യമാകും.സെർവർ റൂം പൂർണമായും ശീതീകരിച്ചതാണ്.ജനറേ​റ്ററും സ്ഥാപിച്ചു കഴിഞ്ഞു.

കെ.എൽ 83
കെ.എൽ 83 എന്ന കോഡാണ് കോന്നി ഓഫീസിന് അനുവദിച്ചിരിക്കുന്നത്. ലേണേഴ്‌സ് പരിശീലനം നല്കാൻ ഓഫീസിന് മുകൾനിലയിൽ ഹാൾ ലഭ്യമാക്കിയിട്ടുണ്ട്.സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എണ്ണം ആളുകൾക്കു മാത്രമേ ഉദ്ഘാടന യോഗത്തിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളു.കൊവിഡ് നിയന്ത്റണങ്ങൾ കർശനമായി പാലിച്ചായിരിക്കും ഉദ്ഘാടനം നടത്തുകയെന്നും എം.എൽ.എ പറഞ്ഞു.