പത്തനംതിട്ട : ലഹരി വിരുദ്ധ പരിപാടികളും ബോധവത്കരണവും യഥേഷ്ടം നടക്കുന്നുണ്ടെങ്കിലും ലഹരി വിൽപനയ്ക്ക് കുറവില്ല.

ചാരായവും കഞ്ചാവുമെല്ലാം സുലഭം. ഇവയ്ക്കെതിരെ പോരാട്ടം തുടരുകയാണ് അധികൃതർ.

--------------------

സജീവമായി വിമുക്തി

മദ്യ വർജ്ജനത്തിന് ഊന്നൽ നൽകിയും മയക്കുമരുന്ന് ഉപയോഗം കുറയ്ക്കാനുമാണ് വിമുക്തി പോലുള്ള മിഷനുകൾ നടപ്പാക്കിയത്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് വിമുക്തിയുടെ പ്രവർത്തനങ്ങളേറെയും. ഇപ്പോൾ ക്ലാസുകൾ ഇല്ലാത്തത്തിനാൽ വിമുക്തിയുടെ പ്രവർത്തനം മന്ദഗതിയിലാണ്. 278 സ്കൂളുകളിലും 40 കോളേജുകളിലും ലഹരി വിരുദ്ധ വിമുക്തി ക്ലബുകളുണ്ട്. ഇവിടെ രഹസ്യമായി പരാതി നൽകാൻ പരാതിപ്പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. ഒരു എക്സൈസ് ഓഫീസറും സ്കൂളിലെ അദ്ധ്യാപകനുമാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നതാണ് പ്രവർത്തനങ്ങളിൽ മുഖ്യം. വിമുക്തിയുടെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിൽ ലൈവായാണ് ക്ലാസുകൾ നടത്തുക. ഇവ സ്കൂളിലെയും കോളേജുകളിലെയും വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യും.

ട്രോൾ, ചെറുകഥ, മത്സരങ്ങൾ എന്നിവ ഓൺലൈനായി നടത്തും

-------------

കുടിച്ചത്

52.35 കോടിയുടെ മദ്യം


കൊവിഡും ലോക്ക് ഡൗണും കാരണം പൂട്ടിയ മദ്ശാലകൾ തുറന്നപ്പോൾ ജില്ലയിലും വൻതോതിലാണ് മദ്യം വിറ്റുപോയത്. മേയ് 28നാണ് ബെവ്ക്യൂ ആപ്പ് ഉപയോഗിച്ച് ടോക്കൺ വഴി മദ്യം നൽകാൻ തുടങ്ങിയത്. ഒഴിവ് ദിവസങ്ങൾ ഒഴിച്ചുള്ള 25 ദിവസം കൊണ്ട് 52.35 കോടി രൂപയുടെ മദ്യം ജില്ലയിൽ കുടിച്ചുതീർത്തിട്ടുണ്ട്. ടോക്കണില്ലാതെ ബാറുകളിൽ വിൽപന നടത്തിയത് വേറെ.

ലോക്ക് ഡൗണിൽ മദ്യം ലഭിക്കാതായപ്പോൾ വാറ്റ് വ്യാപകമായിരുന്നു. വൻതോതിലാണ് കോടയും ചാരായവും എക്സൈസും പൊലീസും നശിപ്പിച്ചത്. കഞ്ചാവുകേസുകളിൽ ചെറുപ്പക്കാരെങ്കിൽ ചാരായ കേസുകളിൽ പ്രായമായവരാണ് പ്രതികൾ.