26-blappila

മലയാലപ്പുഴ: അധികമാരുമറിയാത്ത മനോഹാരിതയാണ് ബ്ലാപ്പില വെള്ളച്ചാട്ടത്തിന്റേത്. ചെങ്ങറ സമരഭൂമിക്ക് സമീപം ഹാരിസൺ മലയാളം പ്ലാന്റെഷനോട് ചേർന്ന് കല്ലാറ്റിലെ ചേറുവാളയെ സുന്ദരിയാക്കുന്നതിൽ ബ്ലാപ്പിലയുടെ പങ്ക് ചെറുതല്ല.

അതുംബുംകുളം, ഞള്ളൂർ, ഉത്തര, കുമരംപേരൂർ വനമേഖലയിൽ നിന്ന് ഒഴുകിയെത്തുന്ന ബ്ലാപ്പില തോടും ചെമ്മാനിയിൽ നിന്ന് ഒഴുകിയെത്തുന്ന ചെളിക്കുഴി തോടും വെള്ളച്ചാട്ടത്തിന് മുകളിലായി സംഗമിക്കുന്നു. വെള്ളം ഒഴുകി പതിക്കുന്നത് വലിയ പാറക്കെട്ടുകളിലേക്കാണ്, ഇതിന് തൊട്ടുതാഴെ ബ്ലാപ്പിലത്തോട് ചെറുവാളകടവിൽ കല്ലാറുമായി കൂടിച്ചേരും.

മഴക്കാലമായപ്പോൾ വെള്ളച്ചാട്ടം കൂടുതൽ മനോഹരിയായി. ബ്ലാപ്പിലയ്ക്ക് മുകളിൽ പടിക്കെട്ടുകൾ പോലെ വെള്ളം ചിന്നിചിതറിയൊഴുകുന്ന മറ്റൊരു വെള്ളച്ചാട്ടവും കാണാൻ കഴിയും.

മുൻപ് ആളുകൾ ഇവിടെ കുളിക്കാൻ വരുന്ന പതിവുണ്ടായിരുന്നു. വെള്ളച്ചാട്ടത്തിന്റെ ഒരുഭാഗം റാന്നി വനം ഡിവിഷനിലെ വടശ്ശേരിക്കര റേഞ്ചിൽപ്പെട്ട വനമാണ്. മറ്റൊരുഭാഗം ഹാരിസൺ പ്ലാന്റഷന്റെ റബ്ബർ തോട്ടവും. ഒഴുകിയെത്തുന്ന വെള്ളം പാറക്കെട്ടുകളിൽ തട്ടി ചിതറി താഴേക്ക് പതിക്കുന്നു, ഇവിടെ നീന്താനും കുളിക്കാനും പറ്റിയ വിശാലമായ സ്ഥലവുമുണ്ട്. സമീപത്തെല്ലാം കാട്ടുമരങ്ങളുമാണ്.

80 വർഷങ്ങൾക്ക് മുൻപ് വർഷകാലത്ത് ബന്ധുക്കൾക്കൊപ്പം ഇവിടെയെത്തിയ കൊച്ചുകുട്ടി മഴവെള്ളപ്പാച്ചിലിൽ ഒഴുകിപോയ സംഭവവും നാട്ടുകാർ ഒാർക്കുന്നു.

വെള്ളച്ചാട്ടത്തിന് സമീപമുള്ള ചെളിക്കുഴി ഒരു കാലത്ത് പ്രധാന കവലയായിരുന്നെങ്കിലും ചുറ്റും തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശം പിൽക്കാലത്ത് വിജനമായി മാറി.

യാത്ര ചെയ്യാം...

അതുബുംകുളത്ത് നിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിന് സമീപത്തെത്താം. അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡിൽ ചെങ്ങറ ചെറത്തിട്ട ജംഗ്ഷനിൽ നിന്ന് 2 കിലോമീറ്റർ റോഡുമാർഗ്ഗം സഞ്ചരിച്ചും ഇവിടെയെത്താം.