തിരുവല്ല: തിരുവല്ല പള്ളിവേട്ട ആൽ - ചക്രശാല കടവ് - കല്ലുങ്കൽ - ഇരമല്ലിക്കര റോഡിന്റെ നവീകരണം തുടങ്ങി. 3.5 കോടി രൂപ ചെലവിലാണ് നിർമ്മാണം. മൂന്നു കിലോമീറ്ററോളം നീളമുള്ള റോഡിന് നിലവിൽ മൂന്നു മീറ്റർ വീതിയുണ്ട്. ഇത് അഞ്ചു മീറ്ററായി വർദ്ധിപ്പിക്കും. ഇരുവശങ്ങളിലുമായി ആറായിരത്തോളം മീറ്റർ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന്റെ ജോലികൾ പുരോഗമിക്കുകയാണ്. ഭൂരിഭാഗം സ്ഥലം ഉടമകളും സ്ഥലം വിട്ടുകൊടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ കാരണം നിർമ്മാണ ജോലികൾ മന്ദഗതിയിലായിരുന്നു. റോഡ് മണ്ണിട്ടുയർത്തി നിരപ്പാക്കി രണ്ട് ഘട്ടങ്ങളായി ടാർ ചെയ്യും. ബി.എം. ആൻഡ് ബി.സി നിലവാരത്തിലാണ് ടാറിംഗ്. മണിമല, പമ്പ കൈവഴികളുടെ സമീപത്തുകൂടിയായതിനാൽ വെള്ളപ്പൊക്കം ഉണ്ടായാൽ നിർമ്മാണം വൈകുമോയെന്ന ആശങ്കയുണ്ട്. കാലാവസ്ഥ അനുകൂലമായാൽ റോഡ് നിർമ്മാണം വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് അസി.എൻജിനിയർ ബിജിലാൽ പറഞ്ഞു.
-----------------------
ഗതാഗത നിയന്ത്രണം
തിരുവല്ല പള്ളിവേട്ട ആൽ - ചക്രശാല കടവ്- കല്ലുങ്കൽ വരെയുള്ള റോഡിൽ നിർമ്മാണം നടക്കുന്നതിനാൽ ഇന്ന് മുതൽ ജൂലായ് 9 വരെ ഇതുവഴിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ അനുബന്ധ പാതകളിലൂടെ കടന്നുപോകണമെന്ന് പൊതുമരാമത്ത് അസി.എക്സി.എൻജിനീയർ പി.ടി.സുഭാഷ് അറിയിച്ചു.