ചെങ്ങന്നൂർ: നഗരസഭയിലെ കൊവിഡ് കെയർ സെന്ററുകളുടെ ചെലവിലേക്കായി കളക്ടർ 2 ലക്ഷം രൂപ അടിയന്തര സഹായം അനുവദിച്ചതായി നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു.
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും കാലാവധി പൂർത്തിയാക്കിയവർക്കുമുള്ള ചെലവ് 5 ലക്ഷം രൂപയോളം ആയതിനെത്തുടർന്ന് നഗരസഭ പ്രതിസന്ധിയിലായിരുന്നു. നിലവിൽ നാനൂറോളം പേർ വിവിധ കൊവിഡ് കെയർ സെന്ററുകളിലായി നിരീക്ഷണം പൂർത്തിയാക്കിയിട്ടുണ്ട്. 58 പേർ ഇപ്പോൾ നിരീക്ഷണ കേന്ദ്രങ്ങളിലുണ്ട്. ഇവർക്ക് ഭക്ഷണം നൽകിയ ഇനത്തിൽത്തന്നെ മൂന്നര ലക്ഷത്തോളം രൂപ ചെലവായി. മറ്റ് സാധനങ്ങൾക്ക് 2 ലക്ഷത്തോളം രൂപയും ചെലവായി. ഇതു സംബന്ധിച്ച കണക്ക് തഹസിൽദാർ മുഖേന ജില്ലാ കളക്ടർക്ക് നൽകിയിട്ടും പണം അനുവദിച്ചിരുന്നില്ല. കുടുംബശ്രീയുടെ ജനകീയ ഹോട്ടലിൽ 2 ലക്ഷത്തോളം രൂപ നഗരസഭ നൽകാനുണ്ട്. പണം വൈകിയാൽ ഹോട്ടൽ അടച്ചുപൂട്ടേണ്ട അവസ്ഥയിലുമായിരുന്നു.