മല്ലപ്പള്ളി കൊറ്റനാട് ഗ്രാമപഞ്ചായത്തിൽ ഇന്നലെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസം പ്രമേയം മൂന്നിനെതിരെ ഏഴ് വോട്ട് നേടി പാസായി. 13 അംഗ ഭരണ സമിതിയിൽ യു.ഡി.എഫ് പിന്തുണയോടെ ഭരണം നടത്തിവന്ന എൽ.ഡി.എഫ് അംഗവും പ്രസിഡന്റുമായ എം.എസ്. സുജാത ഇതോടെ പുറത്തായി. ബി.ജെ.പി.യുടെ 3 അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. രാവിലെ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വരണാധികാരിയായ മല്ലപ്പള്ളി ബി.ഡി.ഒ ബി. ഉത്തമന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.

പട്ടിക ജാതി വനിതാ സംവരണമാണ് പ്രസിഡന്റ് പദവി. പട്ടികജാതി സംവരണമായിരുന്ന പത്താം വാർഡ് വെള്ളയിൽ നിന്നാണ് എൽ.ഡി.എഫ് സ്വതന്ത്രയായി എം.എസ്. സുജാത വിജയിച്ചത്. സംവരണ വാർഡിൽ നിന്ന് വിജയിച്ച ബി.ജെ.പി. അംഗമായ വനിത അധികാരത്തിലെത്താതിരിക്കാനാണ് യു.ഡി.എഫ് സുജാതക്ക് പിന്തുണ നൽകിയത്. ഭരണകാലാവധി തീരാനിരിക്കെ നവമാദ്ധ്യമങ്ങളിൽ യു.ഡി.എഫിനെ ആക്ഷേപിക്കുന്നതരത്തിൽ പ്രകോപനപരമായ പോസ്റ്റുകൾ വന്നതാണ് ഗതിമാറ്റത്തിന് ഇടയാക്കിയതെന്ന് യു.ഡി.എഫ് പറയുമ്പോൾ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ വൈസ് പ്രസിഡന്റ് ഭരണത്തിനും അഴിമതിക്കും കളമൊരുക്കാനാണ് അവിശ്വാസം അവതരിപ്പിച്ചതെന്ന് മറുവിഭാഗവും ആരോപിക്കുന്നു.

---------------------------

ആരോപണങ്ങൾ അടിസ്ഥാന രഹിതം

മല്ലപ്പള്ളി: കൊറ്റനാട് ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് എം.എസ്. സുജാത പറഞ്ഞു. കഴിഞ്ഞ നാലരക്കൊല്ലം നിരവധി വികസനനേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. പദ്ധതി നിർവഹണവും നികുതി ശേഖരണവും സർവകാല റിക്കാർഡിൽ എത്തിക്കാൻ കഴിഞ്ഞു. ചുമതലയേൽക്കുമ്പോൾ ജില്ലയിൽ മോശമായിരുന്ന 10 പഞ്ചായത്തുകളിൽ ഒന്നായിരുന്നെങ്കിൽ അധികാരം ഒഴിയുമ്പോൾ മികച്ച 10 പഞ്ചായത്തുകളിൽ ഒന്നാക്കുവാൻ സാധിച്ചു. പരിമിത സൗകര്യങ്ങളിൽ നിന്ന് ഐ.എസ്.ഒ പദവി നേടി. പഞ്ചായത്ത് ഓഫീസ് വിപുലമായ സൗകര്യങ്ങളോടെ പ്രവർത്തിപ്പിക്കുവാൻ പുതിയ കെട്ടിടം പണിതു..