mocdril

പത്തനംതിട്ട : പകൽ 12.30. ജില്ലാ പൊലീസ് ആസ്ഥാനത്ത് നിന്ന് അലാറം ഉച്ചത്തിൽ മുഴങ്ങി. ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി എത്തിയവരും എന്താണ് സംഭവിക്കുന്നതെന്നറിയാതെ അമ്പരന്നു. പുറത്തിറങ്ങിയ ചിലർ മുകളിലേക്ക്‌ നോക്കിയപ്പോൾ രണ്ടാം നിലയിൽ തീപിടിത്തം. പെട്ടെന്ന് തന്നെ അഗ്‌നിരക്ഷാസേനയുടെ ഫയർ എൻജിനും ആംബുലൻസും അലാറം മുഴക്കി പാഞ്ഞെത്തി. 15 ഓളം അഗ്‌നിരക്ഷസേനാംഗങ്ങൾ ഓഫീസിലേക്ക് ഓടിക്കയറി, കെട്ടിടത്തിന് തീപിടിച്ചെന്നും എല്ലാവരും പുറത്തിറങ്ങണമെന്നും ആവശ്യപ്പെട്ടു. പിന്നെ കണ്ടത് പരിഭ്രാന്തിയുടെ നിമിഷം. കെട്ടിടത്തിൽ ഏണി ചാരി അഗ്‌നിരക്ഷാസേനാംഗങ്ങൾ രണ്ടാംനിലയിലേക്ക് കയറി.ഫയർ എക്സ്റ്റിഗ്യൂഷർ ഉപയോഗിച്ച് തീയണയ്ക്കുന്നു. അതേസമയം താഴെ ജീവനക്കാരുടെ എണ്ണമെടുത്തുപ്പോൾ രണ്ട്‌പേർ കുറവുണ്ടെന്ന് അറിയച്ചതോടെ കൂടുതൽ സേനാംഗങ്ങൽ മുകളിലേക്ക് കയറി. മുകൾ നിലയിൽ അവശനിലയിൽ കണ്ട നാലുപേരെ തോളിലേറ്റി ഏണി വഴി താഴെയിറക്കി. തയ്യാറാക്കി നിറുത്തിയിരുന്ന ആംബുലൻസിൽ ആശുപത്രിയിലേക്ക് പാഞ്ഞു. അവസാനത്തെ ആളെയും രക്ഷപ്പെടുത്തിയശേഷമാണ് ഇത് ദുരന്തനിവാരണ വിഭാഗം നടത്തിയ മോക്ഡ്രിൽ മാത്രമാണെന്നും ആർക്കും പരിക്കുകളില്ലെന്നും അഗ്‌നിരക്ഷാസേന അറിയിച്ചത്. ഇതോടെ പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ആശ്വാസമായി. തീപിടിത്തമുണ്ടായെന്നും നിരവധിപേർ മുകളിൽ കുടുങ്ങിക്കിടക്കുന്നുവെന്നുമറിയിച്ച്‌ പൊലീസ് കൺട്രോൾ റൂമിൽ നിന്നാണ് സന്ദേശമയച്ചത്.
ജില്ലാ പൊലീസ്‌മേധാവി കെ.ജി. സൈമൺ, ഡിവൈ.എസ്.പി. കെ. സജീവ്, അഗ്‌നിരക്ഷാസേന പത്തനംതിട്ട സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ്‌ മോക്ഡ്രിൽ നടന്നത്. നിരവധി ജീവനക്കാരുള്ള പൊലീസ് ആസ്ഥാനത്തെ കെട്ടിടത്തിൽ തീപിടിത്തമോ അപകടമോ ഉണ്ടായാൽ എങ്ങനെ പ്രതികരിക്കണമെന്നും രക്ഷാപ്രവർത്തനം എങ്ങനെ നടത്തേണ്ടതെന്നും ബോധവത്ക്കരിക്കാനാണ് മോക്ഡ്രിൽ നടത്തിയത്. അഗ്‌നിരക്ഷാസേനയൊടൊപ്പം പൊലീസ്‌ സേന, ജില്ലാ ആരോഗ്യ വകുപ്പ് എന്നിവരും മോക്ഡ്രില്ലിൽ പങ്കെടുത്തു.

നാല് താലൂക്കുകളിൽ അ‌ടുത്തമാസം

പത്തനംതിട്ട : മുൻ വർഷങ്ങളിൽ പ്രളയദുരിതം ഏറ്റവും കൂടുതൽ നേരിട്ട റാന്നി, കോന്നി, ആറന്മുള, തിരുവല്ല താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിൽ കൊവിഡ് 19 മാർഗനിർദേശങ്ങൾ പാലിച്ച് മോക്ഡ്രിൽ നടത്തും.
കൊവിഡ് 19 നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തവണ ദുരിത്യാശ്വാസ ക്യാമ്പുകളെ നാലായി തരം തിരിക്കാനും പദ്ധതിയുണ്ട്. 60 വയസിന് താഴെയുള്ളവർ, 60 വയസിനു മുകളിലുള്ളവർ, കൊവിഡ് 19 രോഗലക്ഷണമുള്ളവർ, വീടുകളിൽ നിരീക്ഷണത്തിലുള്ളവർ എന്നിങ്ങനെ നാലായി തരം തിരിച്ചാണു ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുക.

വിവിധ താലൂക്കുകളിലെ മോക്ക് ഡ്രിൽ

ജൂലായ്: 1

തിരുവല്ല താലൂക്കിനു കീഴിൽ വരുന്ന പെരിങ്ങര, നെടുമ്പ്രം, കാവുംഭാഗം പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പെരിങ്ങര പഞ്ചായത്തിൽ.

ജൂലായ് : 2

കോഴഞ്ചേരി താലൂക്കിന് കീഴിലുള്ള ആറന്മുള, കോഴഞ്ചേരി എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തി കോഴഞ്ചേരിയിൽ.

ജൂലായ് : 3

റാന്നി താലൂക്കിന് കീഴിലുള്ള ഉപാസനക്കടവിൽ.

ജൂലായ് : 6

കോന്നി താലൂക്കിലെ ചിറ്റാറിൽ.

ജൂലായ് : 7

തിരുവല്ല താലൂക്കിനു കീഴിലുള്ള നിരണം, കടപ്ര പ്രദേശങ്ങളെ ഉൾപ്പെടുത്തി.