ജില്ലാ ആശുപത്രിക്ക്
പുതിയ ഒ.പി ബ്ലോക്ക്

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആധുനിക ബ്ലോക്ക് നിർമ്മിക്കാൻ പദ്ധതി . . ഒപി, കാഷ്വാലിറ്റി, ഡയഗനോസ്റ്റിക് വിഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള ബ്ലോക്കിനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയിരിക്കുന്നതെന്ന് വീണാ ജോർജ് എം.എൽ.എ അറിയിച്ചു.
ഇപ്പോഴത്തെ കാഷ്വാലിറ്റി വിഭാഗം നിൽക്കുന്ന സ്ഥാനത്താണ് പുതിയ കെട്ടിടം. 30 കോടി രൂപയ്ക്കടുത്താണ് എസ്റ്റിമേറ്റ് പ്രതീക്ഷിക്കുന്നത്. ഹൈറ്റ്സിനാണ് നിർമ്മാണച്ചുമതല. ആശുപത്രിയിൽ കാത്ത് ലാബും, ഐ.സി.യുവും പ്രവർത്തനം തുടങ്ങിയിരുന്നു. ഒപി ബ്ലോക്കിന് വേണ്ടി സംസ്ഥാന ബഡ്ജറ്റിൽ നാലു കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ നിർമ്മാണത്തിനായി ഉടൻ ടെൻഡർ നടപടികൾ ആരംഭിക്കും.

-------------------

റാന്നി താലൂക്ക് ആശുപത്രി വികസനത്തിന് നടപടി

റാന്നി: താലൂക്ക് ആശുപത്രിയിൽ പുതിയ കാഷ്വാലിറ്റി ബ്ലോക്ക് നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചതായി രാജു ഏബ്രഹാം എം.എൽ.എ അറിയിച്ചു.
റാന്നി താലൂക്ക് ആശുപത്രിയിൽ 30 കോടി രൂപയുടെ കെട്ടിടം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. താലൂക്ക് ആശുപത്രിയോടു ചേർന്നുള്ള 50 സെന്റ് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിൽ 20 സെന്റ് സ്ഥലം റാന്നി ബ്ലോക്ക് പഞ്ചായത്ത് ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

---------------------

മൈലപ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ
കുടുംബാരോഗ്യ കേന്ദ്രമാക്കും

മൈലപ്ര: മൈലപ്ര പ്രാഥമിക ആരോഗ്യകേന്ദ്രത്തെ ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന് അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി 25.5 ലക്ഷം രൂപ മുടക്കി ആശുപത്രി നവീകരിക്കും. നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടിൽ നിന്ന് 15.5 ലക്ഷം രൂപയും, എം.എൽ.എ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയുമാണ് ഇതിനായി ചെലവഴിക്കുന്നത്.
ആശുപത്രിയിൽ പുതിയതായി ലാബ് സജ്ജീകരിക്കും. വയോജന സൗഹൃദമായ റാമ്പ്, വിശ്രമസ്ഥലം തുടങ്ങിയവ നിർമ്മിക്കും. മരുന്നു വിതരണത്തിന് പുതിയ സ്ഥലം ക്രമീകരിക്കും. പ്രതിരോധ കുത്തിവയ്പ്പിന് പ്രത്യേക മുറിയും, ഒപി മുറികളുടെ നവീകരണവും നടപ്പാക്കും.
പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു, എൻഎച്ച്എം ജില്ലാ കോ ഓഡിനേറ്റർ ഡോ. എബി സുഷൻ, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. നിരൺ ബാബു, എൻഎച്ച്എം എൻജിനീയർ ടോം തോമസ്, കെ ആർ ഭാർഗവൻ, ജോൺ, കെ. പി. രവി തുടങ്ങിയവർ പങ്കെടുത്തു.