പത്തനംതിട്ട: റാന്നി വനം ഡിവിഷനിൽ വ്യാപകമാകുന്ന മൃഗവേട്ടയും വനംകൊള്ളയും തടയാൻ റാന്നി ഡി.എഫ്.ഒ രൂപീകരിച്ച ഫോറസ്റ്റ് ഇന്റേണൽ ഇന്റലിജൻസ് ടീമംഗങ്ങൾക്ക് വധഭീഷണി. മൃഗവേട്ടക്കാരും ചില വനപാലകരും ചേർന്നുള്ള കൂട്ടുകെട്ട് വെളിച്ചത്തു കൊണ്ടുവരാൻ നടപടി തുടങ്ങിയതോടെയാണ് ഭീഷണിയുടെ സ്വരം ഉയർന്നത്. ഒരാഴ്ച മുമ്പ് രൂപീകരിച്ച ഇന്റലിജലൻസ് ടീമിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ലൈൻസില്ലാത്ത തോക്ക് കൈവശം വച്ചതിന് ഗുരുനാഥൻമണ്ണ് 22 ഏക്കറിൽ അഭിലാഷ് ഭവനിൽ അഭിലാഷിനെ (39) അറസ്റ്റുചെയ്തിരുന്നു. മൃഗവേട്ടയ്ക്കായി തോക്ക് കൈവശം വച്ചിട്ടുള്ള ഗുരുനാഥൻമണ്ണ്, കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ആളുകളെക്കുറിച്ച് ഇയാളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ചില വനപാലകരുടെ ഒത്താശയോടെ പോത്തിനെ വേട്ടയാടി ഉണക്കി വിൽക്കുന്ന സംഘങ്ങളിലേക്ക് അന്വേഷണം നീണ്ടതോടെയാണ് ഇന്റലിജൻസ് ടീമംഗങ്ങളുടെ ഫോണിലേക്ക് വധഭീഷണി എത്തിയത്. ഇക്കാര്യം ദക്ഷിണ മേഖല ഫോറസ്റ്റ് കൺസർവേറ്ററെ അറിയിച്ചിട്ടുണ്ട്.

വനംവകുപ്പിലെ ഇടതു, വലത് കക്ഷി യൂണിയനുകളിൽപ്പെട്ട നേതാക്കളും പുതിയ ഇന്റലിജൻസ് ടീമിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ടീമിന്റെ പ്രവർത്തനം മരവിപ്പിച്ച ശേഷം പിരിച്ചുവിടാൻ ഇവർ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തി വരികയാണ്.

യൂണിയൻ നേതാക്കൾ അടങ്ങുന്ന നിലവിലെ ഇന്റലിജൻസ്, ഫ്ളൈയിംഗ് സ്ക്വാഡുകൾ പരാജയമായതിനെ തുടർന്നാണ് ഡി.എഫ്.ഒ മുൻകൈയെടുത്ത് പുതിയ ടീമിനെ ഒരാഴ്ച മുമ്പ് നിയമിച്ചത്. റാന്നി വനംഡിവിഷനിൽ മൃഗവേട്ടയും വനംകൊള്ളയും വ്യാപകമായിട്ടും തടയാനും കുറ്റക്കാരെ സംബന്ധിച്ച് രഹസ്യ വിവരങ്ങൾ ശേഖരിക്കാനും നിലവിലെ ടീമുകൾ രംഗത്തിറങ്ങിയിരുന്നില്ല.

-------------------

@ 40 മൃഗവേട്ടക്കാർ, 53 തോക്കുകൾ

ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പുളിഞ്ചാൺ, തൂമ്പാക്കുളം, കരിമാൻതോട് എന്നിവിടങ്ങളിൽ 21 പേരുടെ കൈവശം മൃഗവേട്ടയ്ക്കുള്ള 32 തോക്കുകൾ ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അഞ്ച് സംഘങ്ങളായാണ് ഇവർ മൃഗവേട്ട നടത്തുന്നത്.

കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധയിൽ 19 പേരുടെ കൈവശം 21 തോക്കുകളുണ്ട്. ഗുരുനാഥൻമണ്ണ് 22ഏക്കർ സ്വദേശിയും വനപാലകനെ വെടിവച്ചതിനും ചിറ്റാർ എസ്.എെയെ കുത്താൻ ശ്രമിച്ചതിനും ഉൾപ്പെടെ നിരവധി കേസകളിൽ പ്രതിയുമായ ആളാണ് മൃഗവേട്ട സംഘത്തലവൻ. ഇയാൾ മുങ്ങിയിരിക്കുകയാണ്. കൊച്ചുകോയിക്കൽ ഫോറസ്റ്റ് ചെക്ക് പോയിന്റ് വഴി അഞ്ച് കിലോമീറ്റർ വനത്തിനുള്ളിലേക്ക് കടന്നാണ് ഇവർ പോത്തിനെ വെടിവയ്ക്കുന്നത്. കൊച്ചാണ്ടിയിലെ ഒരു കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനും തോക്ക് കൈവശം വച്ചിട്ടുള്ളതായി സൂചനയുണ്ട്. കാട്ടുപോത്തിന് ഒരു കിലോയ്ക്ക് 1000 രൂപ നിരക്കിലാണ് വിൽക്കുന്നത്. ഇതിൽ ഒരു പങ്ക് ചില വനപാലകർ കൈപ്പറ്റുന്നതായി ആക്ഷേപമുണ്ട്.

------------------

@ ഇന്റലിജൻസ്, ഫ്ളൈയിംഗ് സ്ക്വാഡുകൾ പരാജയമായപ്പോൾ

സംഘം രൂപികരിച്ചത് റാന്നി ‌ഡി.എഫ്.ഒ

@ കാട്ടുപോത്തിനെ വേട്ടയാടി ഉണക്കി വിൽക്കുന്ന

സംഘങ്ങളിലേക്ക് അന്വേഷണം നീണ്ടതോടെ ഭീഷണി