പത്തനംതിട്ട: കൊവിഡ് മൂന്നാംഘട്ട വ്യാപനത്തിലെ ജില്ലയിലെ ആദ്യ സമ്പർക്കരോഗിയായി മാറിയ മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് ചെയർപേഴ്സൺ ആശുപത്രി വിട്ടു. തുടർച്ചയായ രണ്ടു ഫലങ്ങളും നെഗറ്റീവായതിനെ തുടർന്ന് റാന്നി മേനാംതോട്ടം ആശുപത്രിയിൽ നിന്നാണ് ഡിസ്ചാർജായത്. 12 ദിവസങ്ങൾക്കുള്ളിൽ ഇവർക്ക് ആശുപത്രി വിടാനായത് ആശ്വാസമായി.
കഴിഞ്ഞ 16നാണ് രോഗം സ്ഥിരീകരിച്ചത്. 15 മുതൽ ആശുപത്രി ഐസൊലേഷനിലായിരുന്നു. പൊതുസമൂഹത്തിനിടയിൽ രോഗവ്യാപന സാദ്ധ്യത മനസിലാക്കാൻ നടത്തിയ പരിശോധയിലാണ് സി.ഡി.എസ് ചെയർപേഴ്സണ് പോസിറ്റീവായത്. ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന 300 ഓളം പേർ നിരീക്ഷണത്തിലാണ്. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രം ഡോക്ടർമാർ, ജീവനക്കാർ അടക്കം നിരീക്ഷണത്തിലായി. ഇവരിൽ 17 പേരുടെ പരിശോധനാ ഫലങ്ങൾ ലഭിച്ചതിൽ എല്ലാം നെഗറ്റീവാണ്. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിനെ കണ്ടെയെൻമെന്റ് സോണായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ തുടരുകയാണ്. നാളെ വരെ നിയന്ത്രണങ്ങൾ ഉണ്ടാകും.