pampa

ശബരിമല: പ്രളയത്തിൽ അടിഞ്ഞുകൂടിയ മണലും എക്കൽ മണ്ണും പാറക്കല്ലുകളും നീക്കിയ പമ്പ വീണ്ടും തെളിഞ്ഞൊഴുകുന്നു. ഏതാനും ദിവസത്തെ മണ്ണു നീക്കമേ ബാക്കിയുള്ളൂ. ശരണവഴികളിൽ തടസമായി കിടന്ന കൂറ്റൻ തടികളും ഉരുളൻ പാറകളും മൺകൂനകളും നീക്കി നിരപ്പാക്കി. തകർന്ന കെട്ടിടങ്ങളുടെ കാഴ്ചയില്ല. വിവാദത്തെ തുടർന്ന് കണ്ണൂർ ക്ളേ ആന്റ് സിറാമിക്സ് പ്രോഡക്ട്സ് പിന്മാറിയതോടെ ജില്ലാ ദുരന്ത നിവാരണ വിഭാഗമാണ് പ്രളയാവശിഷ്ടങ്ങളും അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കി പമ്പയുടെ മുഖം വീണ്ടെടുക്കുന്നത്.

@ കുളിക്കടവ്

ത്രിവേണിപ്പാലം മുതൽ ആറാട്ട് കടവ് വരെ മണൽ നീക്കി ഒരു മീറ്റർ ആഴം കൂട്ടി. പാലത്തിനടിയിലെ ഒഴുക്ക് സുഗമമാക്കി. ബലിത്തറയും കുളിക്കടവുകളും പഴയ രൂപത്തിൽ.പടവുകൾ പുതുക്കിപ്പണിഞ്ഞ് ടൈൽസ് പാകി. ആറാട്ടുകടവിന് സംരക്ഷണമതിൽ നിർമ്മിച്ചു. ത്രിവേണി മുതൽ ശ്രീരാമപാദം വരെയുള്ള മണ്ണാണ് നീക്കാനുള്ളത്.

@ മണൽപ്പുറം

മണൽപ്പുറത്തെ കെട്ടിടാവശിഷ്ടങ്ങളും പാറകളും നീക്കി. കുളിക്കടവിനോട് ചേർന്ന് വൃക്ഷത്തറകൾ നിർമ്മിച്ചു. ഇലഞ്ഞി, കണിക്കൊന്ന തുടങ്ങിയ മരങ്ങൾ നട്ടുപിടിപ്പിച്ചു. പുതിയ ടോയ്ലറ്റ് കോംപ്ളക്സുകൾ, പ്രളയത്തിലും നാശം സംഭവിക്കാത്ത ക്ളാേക്ക് റൂം, അന്നദാനമണ്ഡപം, ശാസ്താ ഹോട്ടൽ, താൽക്കാലിക നടപ്പന്തൽ എന്നിവ ഇപ്പോഴുണ്ട്. തീർത്ഥാടകർക്ക് പഴയതുപോലെ ആറാട്ടുകടവ് ഭാഗത്ത് എത്തി ഗണപതി ക്ഷേത്രത്തിലേക്ക് പടിക്കെട്ടുകൾ കയറാം.

@ ഹിൽടോപ്പ് ഭിത്തി

നിർമ്മാണം മുടങ്ങി

പ്രളയത്തിൽ മണ്ണിടിച്ചിലുണ്ടായ ഹിൽടോപ്പിൽ സംരക്ഷണ ഭിത്തി നിർമ്മാണം 12 ദിവസമായി നടക്കുന്നില്ല. കൊച്ചുപാലം മുതൽ ആറാട്ടുകടവിന് എതിർഭാഗം വരെയുള്ള നാനൂറ് മീറ്ററോളമാണ് നിർമാണം. പാറകൾ പൊതിഞ്ഞു കെട്ടുന്ന കമ്പിവലകൾ തീർന്നു.അതിനാലാണ് പണി നിലച്ചത്. തമിഴ്നാട്ടിൽ നിന്ന് ലോഡ്

വരണം.

@ മണലും മണ്ണും

70000 ക്യുബിക് മീറ്റർ

1.29ലക്ഷം ക്യുബിക് മീറ്റർ മണലും എക്കൽ മണ്ണും നീക്കാനുണ്ടെന്നാണ് അന്നത്തെ ചീഫ് സെക്രട്ടറി ട‌ോംജോസിന്റെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ വിഭാഗം കണക്കാക്കിയത്. എന്നാൽ, 70000 ക്യുബിക് മീറ്ററിൽ കൂടുതൽ നീക്കാനില്ലെന്നാണ് സൂചന. മണ്ണ് കൊണ്ടിടുന്നത് കെ.എസ്.ആർ.ട‌ി.സി, ചക്കുപാലം ഭാഗങ്ങളിലാണ്. റോഡരികിൽ ഇട്ട മണ്ണ് കനത്ത മഴയിൽ ഒഴുകിപ്പോയി.

@നീക്കയത് 47714 ക്യുബിക് മീറ്റർ

@ ഒരു ദിവസം 420 ലോഡ്

'' മണൽ നീക്കം നല്ലനിലയിൽ പുരോഗമിക്കുന്നു. മഴ ശക്തമാവുംമുമ്പ് പൂർത്തിയാക്കും.

പി.ബി നൂഹ്, ജില്ലാ കളക്ടർ.