പത്തനംതിട്ട : കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ കലാകാരന്മാരുടെ ജീവിതം വഴിമുട്ടിയ അവസ്ഥയാണ്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് പരിപാടികൾ കൂടുതലായുള്ളത്. ലോക്ക് ഡൗൺ ആരംഭിച്ചതും ഈ സമയത്താണ്. ആഘോഷങ്ങളും ഉത്സവങ്ങളും ചടങ്ങുകളായി ഒതുങ്ങുമ്പോൾ അന്നത്തിനുള്ള വഴി അടഞ്ഞ നിരവധി കലാകാരൻമാർ നമ്മുടെ ഇടയിലുണ്ട്. വിവിധ കലാകാരൻമാർ അവരുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കുന്നു.
തികച്ചും സാധാരണക്കാരായ ആളുകളാണ് മിമിക്രി രംഗത്ത് കൂടുതലും. സീസണിൽ കിട്ടുന്ന പരിപാടികളാണ് പ്രധാന വരുമാനം. മറ്റ് ജോലിയിൽ നിന്നുകൊണ്ട് മിമിക്രി ചെയ്യുന്നവരും ഉണ്ട്. അവർക്ക് ഇതൊന്നും പ്രശ്നമല്ല. കുടുംബങ്ങളൊക്കെ ഉള്ളവരാണ് എല്ലാവരും. വലിയ പ്രതിസന്ധിയിലാണ് പലരും. ധനസഹായമൊന്നും എല്ലാവർക്കും ലഭിച്ചിട്ടില്ല. മാർച്ച്, മേയ് മാസങ്ങളിൽ നിരവധി പരിപാടികൾ ബുക്ക് ചെയ്തിരുന്നതാണ്.
-ജയേഷ് പുല്ലാട്
(മിമിക്രി ആർട്ടിസ്റ്റ്)
മൂന്ന് മാസമായിട്ട് വലിയ ബുദ്ധിമുട്ടിലാണ് നാടക കലാകാരന്മാർ. ഏകാംഗ നാടകത്തെയെങ്കിലും ഈ സമയം പ്രോത്സാഹിപ്പിക്കണം. അങ്ങനെ ജീവിക്കുന്ന നിരവധി കലാകാരന്മാർ ഉണ്ട്. രണ്ടും മൂന്നും പേർ ചെയ്യുന്ന നാടകങ്ങളും ഉണ്ട്. അമ്വച്ചർ പ്രൊഫഷണൽ നാടകങ്ങൾ ചെറിയ സദസിൽ അവതരിപ്പിക്കാൻ കഴിയണം. മുഴുവൻ സമയം നാടകവുമായി ജീവിക്കുന്നവർ നിരവധിയുണ്ട്. അവരുടെ പ്രശ്നങ്ങളും ചർച്ചയാകണം.
-മനോജ് സുനി
(നാടക നടൻ, അദ്ധ്യാപകൻ)
മാർച്ച് മുതൽ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ചെണ്ടമേളത്തിന് ഒരുപാട് ബുക്കിംഗുകൾ ഉണ്ടായിരുന്നു. അപ്പോഴാണ് ലോക്ക് ഡൗണും കൊവിഡും. പിന്നെ കുടുംബം നോക്കാൻ പലരും പെയിന്റിഗിനും മറ്റും പോയി തുടങ്ങി. സീസണിൽ ആയത് വലിയൊരു അടിയായിരുന്നു. നാദം എന്ന ട്രൂപ്പിൽ മുപ്പത് പേരുണ്ട്. എല്ലാവരും കുടുംബമൊക്കെ ഉള്ളവരാണ്. ഇത്ര വലിയ പ്രശ്നമാകുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നില്ല. ചെണ്ടയൊക്കെ എടുത്ത് വച്ചു. ഇപ്പോൾ ചെയ്യാവുന്ന പണി ചെയ്യുകയാണ്.
സുനിൽ നാദം
(ചെണ്ടമേളം കലാകാരൻ)
ഒരു ജോലിയുള്ളത് കൊണ്ട് വലിയ ബുദ്ധിമുട്ടില്ലെങ്കിലും കൂടെയുള്ള പലർക്കും ധനസഹായം പോലും ലഭിച്ചിട്ടില്ല. ഗാനമേളയ്ക്ക് നിരവധി പരിപാടികൾ ഉണ്ടായിരുന്ന സമയമാണ്. പാട്ടുകാർ മാത്രമല്ല പശ്ചാത്തല സംഗീതം നൽകുന്ന ഓർക്കസ്ട്ര ടീം. എല്ലാവരും വളരെ ബുദ്ധിമുട്ടിലാണ്. കൂലിപ്പണിയ്ക്ക് പോകുകയാണ് പലരും. നാടൻപാട്ടു സംഘത്തിലുള്ളവരിൽ കൂടുതലും സാധാരണക്കാരാണ്. നാടൻപാട്ട് പാടി കുടുംബം നോക്കുന്ന പ്രായമായ പെൺകുട്ടികൾ വരെയുണ്ട്. അവരൊക്കെ എന്ത് ജോലി ചെയ്യും.
- ശ്രീകുമാർ മല്ലപ്പള്ളി
(ഗാനമേള പാട്ടുകാരൻ)