അടൂർ : വികസന പാതയിലൂടെ കടന്നുപോകുന്ന അടൂർ ജനറൽ ആശുപത്രിക്ക് പുതിയ മന്ദിരം നിർമ്മിക്കാൻ 30കോടി രൂപ അനുവദിച്ചു.നിലവിലെ കെട്ടിടത്തിന് മുന്നിലായി പോർഡ് , കാരുണ്യ മെഡിക്കൽ സ്റ്റോർ, ഉൾപ്പെടെ കൂണുകൾ പോലെ മുളച്ച് നിൽക്കുന്ന കെട്ടിടങ്ങൾ നീക്കം ചെയ്താകും നാല് നിലകളോടുകൂടിയ പുതിയ മന്ദിരം ഉയരുക. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇതിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ട്രോമോകെയർ യൂണിറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്കുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ പദ്ധതിക്കുകൂടി അനുമതി ലഭിച്ചത്.നിലവിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ തറനിരപ്പോടുകൂടിയ ഭാഗം പാർക്കിംഗ് സൗകര്യത്തിനായി മാറ്റിയിടും.അതിന് മുകളിലായാണ് നാലുനില കെട്ടിടം ഉയരുന്നത്.പുതിയ ട്രോമോകെയർ യൂണിറ്റുമായി ബന്ധിപ്പിച്ച് എൽ ആകൃതിയിലുള്ള കെട്ടിടമാണ് വിഭാവന ചെയ്തിരിക്കുന്നത്.
സ്ഥലപരിമിതി വികസനത്തിന് തടസമാകുന്നു
സ്ഥലപരിമിതിയാണ് ആശുപത്രി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 2.20 ഏക്കർ സ്ഥലത്താണ് നിലവിൽ ആശുപത്രി പ്രവർത്തിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എആയും ആരോഗ്യമന്ത്രിയുമായി ഇരുന്ന കാലഘട്ടത്തിലാണ് അഞ്ച് നിലയിലുള്ള പുതിയ ബഹുനില മന്ദിരം ഉയർന്നത്. ഇതോടെയാണ് എ.സി.യു ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഒരുക്കാൻ വഴിയൊരുങ്ങിയത്. ആശുപത്രിയുടെ വികസനത്തിന് സ്ഥല ലഭ്യതയാണ് ഇനി ആവശ്യം. ആശുപത്രിക്ക് തെക്കുഭാഗത്തായി നിലവിൽ ഐ.എച്ച്.ആർ.ഡിയുടെ അപ്ളൈഡ് സയൻസ് കോളേജ് പ്രവർത്തിക്കുന്ന 1.40 ഏക്കർ സ്ഥലം ആശുപത്രി വികസനത്തിനായി ഏറ്റെടുക്കതിനുള്ള നീക്കം നടന്നു വരുന്നു. പകരമായി ഹൈസ്കൂൾ ജംഗ്ഷനിൽ ഐ.എച്ച്.ആർ.ഡിയുടെ ടെക്നിക്കൽ സ്കൂൾ പ്രവർത്തിച്ചുവരുന്ന കെ.ഐ.പി കോമ്പൗണ്ടിൽ 1.90 ഏക്കർ സ്ഥലം വിട്ടുനനൽകുന്നതിനൊപ്പം എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അഞ്ച് കോടിയും ബഡ്ജറ്റിൽ ഉൾപ്പെടുത്തി ശേഷിക്കുന്ന തുകയും ലഭ്യമാക്കി അത്യാധുനിക കോളേജ് കാമ്പസ് നിർമ്മിച്ചു നൽകാമെന്ന വാഗ്ദ്ധാനമാണ് മുന്നോട്ടു വെച്ചിരിക്കുന്നത്.ഇതിനുള്ള നീക്കം പുരോഗമിക്കുന്നതിനിടെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്.
വേണ്ടത് മുഖ്യമന്ത്രിതല ചർച്ച
മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ആരോഗ്യം,റവന്യൂ, ജലസേചന വകുപ്പ് മന്ത്രിമാരുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാരുടേയും സംയുക്ത യോഗം ചേർന്നാൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കാനാകും.
സ്ഥലപരിമിതി പരിഹരിക്കാനുള്ള ശ്രമം വേഗത്തിലാക്കും.പുതിയ ബ്ളോക്ക് വരുന്നതോടെ ആശുപത്രിയുടെ മുഖച്ഛായതന്നെ മാറ്റാൻ കഴിയും.
ചിറ്റയം ഗോപകുമാർ
(എം.എൽ.എ)