തിരുവല്ല: അനധികൃത കൈയേറ്റവും മാലിന്യവും കാരണം വീർപ്പുമുട്ടിയ കോലറയാറിന്റെ രണ്ടാംഘട്ടത്തിലെ പുനരുജ്ജീവന പ്രവർത്തികൾ അവസാനഘട്ടത്തിലായി. രണ്ടാംഘട്ടത്തിൽ കോലറയാറിന്റെ സമഗ്രമായ പുനരുജ്ജീവനം ലക്ഷ്യമിട്ട് 4 കോടി രൂപയുടെ പദ്ധതിയാണ് ഒരുവർഷം മുമ്പ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ തുടങ്ങിയത്. ഒന്നരവർഷംകൊണ്ട് പദ്ധതികൾ പൂർത്തിയാക്കാനാണ് തീരുമാനമെങ്കിലും പലവിധ പ്രതിസന്ധികൾ കാരണം പണികൾ നീണ്ടുപോയി. ഇപ്പോൾ ആഴവും വീതിയും കൂട്ടുകയാണ്. ഇതുവരെ 6 മോട്ടോർ തറകൾ പണിതു. 15 കുളിക്കടവുകൾ നിർമ്മിച്ചു. 650 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തിയുടെ നിർമ്മാണവും പൂർത്തിയാക്കി. അവസാനത്തെ ഒരു കിലോമീറ്ററോളം ദൂരത്തിൽ മാത്രമാണ് ഇനി പുനരുദ്ധാരണം പൂർത്തിയാകാനുള്ളത്.
ഒരുകാലത്ത് പുളിക്കീഴ് ഷുഗർ ഫാക്ടറിയിലേക്ക് ആവശ്യമായ കരിമ്പും മറ്റും സാധനങ്ങളും എത്തിച്ചിരുന്നത് കോലറയാറിലൂടെയായിരുന്നു. എന്നാൽ വ്യാപകമായ കൈയേറ്റം നീരുറവകളെ നശിപ്പിച്ചു. ആറിന് കുറുകെ അശാസ്ത്രീയമായ നിർമ്മാണങ്ങളും ഉണ്ടായി. ഇത്തരത്തിൽ നിർമ്മിച്ചിരുന്ന ആലാത്ത്കടവ് പാലം പൊളിച്ചു നീക്കി ഇവിടെ പുതിയ പാലം നിർമ്മിച്ചു. അപ്രോച്ച് റോഡ് നിർമ്മാണം കൂടി പൂർത്തിയാകാനുണ്ട്. കോലറയാർ പുനരുജ്ജീവിക്കുന്നതോടെ വേനലിലും നാട്ടുകാർക്ക് ജലസമൃദ്ധി ഉപയോഗപ്പെടുത്താം.
പമ്പാനദിയുടെ കൈവഴി
പമ്പാനദിയിൽ കടപ്ര അറയ്ക്കമുയപ്പിൽ നിന്ന് തുടങ്ങി പുരയ്ക്കൽപടിയിൽ രണ്ടായി പിരിഞ്ഞ് ഒരു കൈവഴി അരീത്തോട്ടിലും മറ്റൊന്ന് തേവേരിയിൽ എത്തി വീണ്ടും പമ്പാനദിയിൽ എത്തിച്ചേരുന്നതാണ് കോലറയാർ.
കടപ്ര - നിരണം പഞ്ചായത്തുകളിലൂടെ ഒഴുകുന്നു.
നീളം: 12 കിലോമീറ്റർ,
രണ്ടാംഘട്ട നവീകരണത്തിന് ചെലവിട്ടത്: 4 കോടി
വീണ്ടും പോളയും പായലും
കോലറയാറിൽ ശുചീകരണം നടത്തിയ ഭാഗങ്ങളിൽ വീണ്ടും പോളയും പായലും നിറഞ്ഞു. ഇടത്തോടുകളിലും പാടശേഖരങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന മാലിന്യം നദിയിൽ നിറഞ്ഞതോടെ വീണ്ടും ശുചീകരിക്കുന്ന ജോലികൾ നടക്കുകയാണ്. തോടുകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ നീക്കം ചെയ്‌ത് ശുചീകരിക്കാൻ പഞ്ചായത്ത് സ്ഥിരം സംവിധാനം ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രളയവും ഇപ്പോൾ കൊറോണയും കാരണം പ്രതീക്ഷിച്ച വേഗത്തിൽ രണ്ടാംഘട്ടത്തിൽ പണികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എങ്കിലും ഈവർഷം തീരുംമുമ്പേ പുനരുജ്ജീവന പ്രവർത്തികൾ പൂർത്തിയാക്കും.
പീതാംബരദാസ്
കോലറയാർ സംരക്ഷണസമിതി