കോന്നി : നിയന്ത്റണം വിട്ട ടിപ്പർ ലോറി നിറുത്തിയിട്ടിരുന്ന കാറും വീടിന്റെ മതിലും ഇടിച്ചു തകർത്ത ശേഷം മറിഞ്ഞു. വി.കോട്ടയം അന്തിച്ചന്തയിൽ ഇന്നലെ രാവിലെയാണ് അപകടം. അരുവാപ്പുലത്തെ പാറമടയിൽ നിന്നും കരിങ്കൽ കയ​റ്റി അമിത വേഗതയിൽ വന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിറുത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിൽ ഇടിച്ച ശേഷം സമീപത്തുള്ള വീടിന്റെ മതിൽ ഇടിച്ചു തകർന്ന് മറിയുകയായിരുന്നു. ലോറിയിലെ കരിങ്കല്ലുകൾ തെറിച്ചുവീണ് കാവിൽ പടിഞ്ഞാ​റ്റേതിൽ ബാബുവിന്റെ പലചരക്ക് കടയുടെ തൂണുകൾ തകർന്നു. കരിങ്കൽ റോഡിൽ നിരന്നു കിടന്നതിനാൽ ഏറെനേരം ഗതാഗത തടസമുണ്ടായി. ടിപ്പർ ലോറിയുടെ ഡ്രൈവർക്ക് പരിക്കുണ്ട്. കോന്നി എസ്.ഐ.കിരൺ, വി.കോട്ടയം വില്ലേജ് ഓഫീസർ ആർ.അരുൺ എന്നിവർ സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച ശേഷം ഗതാഗതം പുന:സ്ഥാപിച്ചു.വകയാർ -വള്ളിക്കോട് റോഡ് ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്തിയതിനാൽ ടിപ്പറുകളുടെ മരണപ്പാച്ചിലും അപകടങ്ങളും പതിവായിട്ടുണ്ട്.നിരവധി പരാതികളെ തുടർന്ന് പൊലീസ് പരിശോധന നടത്തുകയും വകയാർ മുതൽ വി.കോട്ടയം ജംഗ്ഷൻ വരെ ഇടയ്ക്ക് ബാരിക്കേഡ് വെയ്ക്കുകയും ചെയ്തിരുന്നു.എന്നാൽ വി.കോട്ടയം ജംഗ്ഷൻ മുതൽ വള്ളിക്കോട് വരെ യാതൊരു നിയന്ത്റണങ്ങളോ, പരിശോധനയോ ഉണ്ടായിട്ടില്ല.