പത്തനംതിട്ട: സംസ്ഥാന കൃഷി വകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.
വിഷരഹിതമായ പച്ചക്കറികൾ വീട്ടുവളപ്പിൽ നിന്ന് ഉത്പാദിപ്പിക്കുന്നതു ലക്ഷ്യമിട്ട് 10 രൂപ വിലയുള്ള നാലു ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും 15 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്യും. പച്ചക്കറി വിത്തുകളും തൈകളും കർഷകർക്ക് സൗജന്യമായി വിതരണം നടത്തും. ഒരു യൂണിറ്റിൽ 25 ഗ്രോ ബാഗുകൾ വീതമുളള 1500 ഗ്രോബാഗ് യൂണിറ്റുകൾ വിതരണം നടത്തും. വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുളള ക്ലസ്റ്ററുകൾക്ക് ഹെക്ടറിന് 25,000 രൂപ പ്രകാരം ധനസഹായം നൽകും. സ്റ്റാഗേർഡ് ക്ലസ്റ്ററുകളിൽ പന്തൽ ഇനങ്ങൾക്ക് ഒരു ഹെക്ടറിന് 25,000 രൂപയും, പന്തൽ ആവശ്യമില്ലാത്തവയ്ക്ക് 20,000 രൂപയും ധനസഹായം നൽകും.
തരിശ് കൃഷി വ്യാപിപ്പിക്കുന്നതിനായി ഹെക്ടറിന് 40,000 രൂപ ധനസഹായം നൽകും. കാലാവസ്ഥ വ്യതിയാനങ്ങളിൽ വിളകളെ സംരക്ഷിച്ച് പച്ചക്കറി കൃഷി ചെയ്യുന്നതിനായി മഴമറ കൃഷിയിലൂടെ പച്ചക്കറി കൃഷി സാധ്യമാക്കുന്നതിനും ഉല്പാദനം വർദ്ധിപ്പിക്കുന്നതിനും കഴിയും. 100 സ്‌ക്വയർ മീറ്റർ വിസ്തൃതിയുളള മഴമറയ്ക്ക് പരമാവധി 50,000 രൂപ വരെ ധനസഹായം നൽകും. ഗ്രോബാഗ് യൂണിറ്റുകൾ ചെയ്യുന്നവർക്ക് ഫാമിലി ഡ്രിപ്പ് ഇറിഗേഷൻ യൂണിറ്റുകൾ, മിനി ഡ്രിപ്പ് യൂണിറ്റുകൾ എന്നിവയ്ക്ക് സബ്‌സിഡി നൽകും.
പരമ്പരാഗത വിത്തുകളുടെ ഉല്പാദനവും വ്യാപനവും ലക്ഷ്യമിട്ട് ഈ വർഷവും പരമ്പരാഗത പച്ചക്കറി ഇനങ്ങളുടെ വിത്തുല്പാദന പദ്ധതി നടപ്പാക്കുന്നുണ്ട്. ഒരു ഹെക്ടറിന് 25,000 രൂപ ധനസഹായം നൽകും, പ്രോജക്ട് അടിസ്ഥാനത്തിൽ പബ്ലിക്/പ്രൈവറ്റ് സ്ഥാപനാധിഷ്ഠിത പച്ചക്കറി കൃഷിയ്ക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്.
ദീർഘകാല പച്ചക്കറി തൈകൾ കൃഷി ചെയ്യുന്നതിനായി ഹെക്ടറിന് 20,000 രൂപ അനുവദിച്ചിട്ടുണ്ട്. മുരിങ്ങ, അഗത്തി, കോവൽ, റെഡ്‌ലേഡി പപ്പായ എന്നീ നാല് ഇനം തൈകളുടെ വിതരണത്തിനായി 1,25,000 രൂപ അനുവദിച്ചിട്ടുണ്ട്.
പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത് : 251.71 ലക്ഷം
സ്‌കൂളുകൾ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ, സന്നദ്ധ സംഘടനകൾ, റസിഡന്റസ് അസോസിയേഷൻ അംഗങ്ങൾ, കർഷകർ എന്നിവർ പദ്ധതിയിൽ പങ്കാളികളാകും.
കർഷക രുടെ ഉല്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുന്നതിനും യുവ തലമുറയെ പച്ചക്കറി കൃഷിയിലേക്ക് ആകർഷിക്കുന്നതിനും വില തകർച്ച പിടിച്ചുനിർത്തുവാനും പച്ചക്കറി വിപണനത്തിന് ഇടനിലക്കാരെ ഒഴിവാക്കി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമാണ് പദ്ധതി.
കൃഷി ഡെപ്യൂട്ടി ഡയറക്ടർ