പത്തനംതിട്ട : 2018 ലെ വെള്ളപ്പൊക്കത്തിൽ ആദ്യം വെള്ളംകയറിയ റാന്നിയിലെ തോട്ടിലെ സുഗമമായ ഒഴുക്ക് പരിശോധിക്കുന്നതിനായി ജില്ലാ കളക്ടർ പി.ബി.നൂഹ് വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് വിലയിരുത്തി. 15 ദിവസത്തിനുള്ളിൽ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള റാന്നി ചെത്തോങ്കര, ഉപാസനക്കടവ് വരെയുള്ള കയ്യേറ്റം കണ്ടെത്തി സർവേ ചെയ്ത് തോട്ടിലെ ഒഴുക്കിനെ തടസപ്പെടുത്തുന്നവ നീക്കം ചെയ്യാൻ നിർദേശം നൽകി. 45 ലക്ഷത്തിന് എടുത്ത ടെൻഡർ ലോക്ക് ഡൗണിനെ തുടർന്ന് പ്രവർത്തനത്തിൽ കാലതാമസമെടുക്കുകയായിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുള്ളതിനാൽ മൈനർ ഇറിഗേഷൻ ഉടൻതന്നെ കാട് വെട്ടിമാറ്റി പ്രവർത്തനം ആരംഭിക്കും.
റാന്നി ഉപാസനക്കടവിൽ മരം കടപുഴകി കിടക്കുന്നത് സോഷ്യൽ ഫോറസ്ട്രിയുമായി സംസാരിച്ച് വെട്ടിമാറ്റുന്നതിനുള്ള നടപടികൾ തഹസീൽദാർ സ്വീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു. റാന്നി വലിയതോട്, ഉപാസനക്കടവ് എന്നീ സ്ഥലങ്ങളും ജില്ലാ കളക്ടർ സന്ദർശിച്ചു.