പത്തനംതിട്ട : കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് ഇനി ബോധവൽക്കരണം ഇല്ലെന്നും അറസ്റ്റ് ചെയ്ത് പിഴ ഈടാക്കുമെന്നും ജില്ലാപൊലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗൺ അഞ്ചാം ഘട്ടം തുടരുമ്പോൾ കിട്ടിയ ഇളവുകൾ ദുരുപയോഗം ചെയ്ത് ചിലരെങ്കിലും ഉത്തരവാദിത്തമില്ലാതെ പ്രവർത്തിക്കുന്നു. ജില്ലയിൽ രോഗബാധ കൂടുന്ന സാഹചര്യത്തിൽ ആളുകൾ സൂക്ഷ്മത പുലർത്തുകയും നിയന്ത്രണങ്ങൾ പാലിക്കുകയും ചെയ്യാതെവന്നാൽ സമൂഹവ്യാപനത്തിലേക്കു കാര്യങ്ങൾ കടക്കുമെന്നത് മുൻകൂട്ടി കാണേണ്ടതുണ്ട്. അതിനാൽ ലംഘനങ്ങൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കേണ്ടിവരും. ബോധവൽക്കരണം ഒഴിവാക്കി കർശന നിയമനടപടികളിലേക്കു കടക്കേണ്ടിവരും. ഇതിനായി പൊലീസുദ്യോഗസ്ഥർക്കു നിർദേശം നൽകിയതായും ജില്ലാപൊലീസ് മേധാവി അറിയിച്ചു.
കേരള പൊതുജനാരോഗ്യ നിയമം, പകർച്ചവ്യാധി നിരോധനനിയമം, ഇന്ത്യൻ പീനൽ കോഡിലെ ബന്ധപ്പെട്ട വകുപ്പുകൾ എന്നിവചേർത്തു കേസെടുക്കും. 10000 രൂപ വരെ പിഴ ചുമത്താം. പിഴ അടച്ചില്ലെങ്കിൽ ശിക്ഷ അനുഭവിക്കേണ്ടിവരും.