റാന്നി: ഉതിമൂട് വെളിവയൽപടി ഗ്രീൻവാലിയിൽ ലോക്ക് ഡൗൺ കാലത്ത് രണ്ടു പേർ ചേർന്ന് തുടങ്ങിയ കൃഷി കാട്ടുപന്നികൾ നശിപ്പിച്ചു. പ്രദേശവാസികളായ പ്രസാദ് കുഴിക്കാലയും എം.ആർ.അനിൽകുമാറും ചേർന്ന് നട്ടുവളർത്തിയ കപ്പ,വാഴ,കാച്ചിൽ,ചേമ്പ്,ഇഞ്ചി,മഞ്ഞൾ,മത്തൻ,കുമ്പളം,വെള്ളരി,കോവൽ,വഴുതന,പയർ, പച്ചമുളക് തുടങ്ങിവയവാണ് നശിപ്പിച്ചത്.കൃഷിഭവന്റെ സഹായത്തോടെയായിരുന്നു കൃഷിയിറക്കിയത്. പന്നി കയറാതെയിരിക്കാൻ തകിടും പ്ളാസ്റ്റിക് വലയും ഉപയോഗിച്ച് വേലി നിർമ്മിച്ചത് തകർത്തുകൊണ്ടാണ് നാശം വരുത്തിയത്. പന്നികളെ ലൈറ്റ് അടിച്ച് ഓടിക്കാൻ ശ്രമിച്ചപ്പോൾ വലിയ ശബ്ദത്തോടെ ആക്രമിക്കാൻ ശ്രമിച്ചതായി പ്രസാദ് കുഴികാല പറഞ്ഞു. ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പന്നികളെ വെടിവയ്ക്കാൻ ഉത്തരവുണ്ടായിട്ടും അധികൃതർ നടപടികൾ സ്വീകരിക്കാത്തതിൽ കർഷകർക്ക് പ്രതിഷേധമുണ്ട്.
'' കൃഷിചെയ്യാൻ പ്രോത്സാഹനം കൊടുക്കുന്നതുപോലെ സംരക്ഷണത്തിനും വില്പനയ്ക്കും സൗകര്യം ഒരുക്കണം. ലോൺ എടുത്തിട്ടാണ് കൂടുതൽ പേരും കൃഷി നടത്തുന്നത്.സംരക്ഷണം ഏർപ്പെടുത്തുന്നതിന് വനം വകുപ്പും കൃഷിവകുപ്പും ഒന്നിച്ചു നിൽക്കണം.
(പ്രസാദ് കുഴികാല)