court

അടൂർ : അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങിയതോടെ നിർമ്മാണ മേഖല നിശ്ചലമായി. സമയപരിധിക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ കരാറുകാർ കഷ്ടപ്പെടുകയാണ്. പല പദ്ധതികളും പാതിവഴിയിൽ മുടങ്ങിയതോടെ ജനപ്രതിനിധികളും വിവിധ വകുപ്പ് ജീവനക്കാരും പഴികേട്ട് മടുത്തു.

പദ്ധതികൾ നിലച്ചത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ഏറെ തലവേദനയായത്. അടുത്ത മാസം അവസാനത്തോടെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. അതിന് മുൻപ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുക എന്നത് ജനപ്രതിനിധികളുടെ കടമയാണ്. അടുത്ത തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങൾ നിർണ്ണയിക്കാൻ ഇവ പ്രധാന ഘടകമാകും. പണിയെടുക്കാൻ ആവശ്യമായ തൊഴിലാളികൾ ഇല്ലാതെ കരാറുകാർ ജനപ്രതിനിധികളുടെ അടുത്ത് കൈമലർത്തുകയാണ്. ജൂൺ, ജൂലൈ മാസങ്ങളിലായി തീർക്കേണ്ട പണികളാണ് തദ്ദേശ സ്ഥാപങ്ങളുടേതെല്ലാം. ലോക്ക് ഡൗൺ ആയതോടെ അവയെല്ലാം മുടങ്ങി. നിയന്ത്രണങ്ങൾ നീക്കിയപ്പോൾ തൊഴിലാളികളെല്ലാം അന്യനാടുകളിലേക്കും മടങ്ങി. പൊതുമരാമത്ത് വകുപ്പാണ് പ്രതിസന്ധിയിലായ മറ്റൊരു വിഭാഗം. സംസ്ഥാന സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ഇനി 11 മാസം മാത്രം ശേഷിക്കേ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ ബഡ്ജറ്റുവർക്കുകൾ പോലും എങ്ങുമെത്താത്ത അവസ്ഥയിലാണ്.

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ 80%

അന്യസംസ്ഥാന തൊഴിലാളികളും മടങ്ങി

അടൂർ മണ്ഡലത്തിൽ മുടങ്ങിയ പദ്ധതികൾ

1). 35 കിലോമീറ്റർ ദൈർഘ്യം വരുന്ന ആനയടി - കൂടൽ റോഡ്, നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നത് 170 അന്യസംസ്ഥന തൊഴിലാളികൾ. നിലവിലുള്ളത് 12 പേർ.

2). അടൂർ നഗരത്തിലെ രണ്ട് പാലങ്ങളുടെ നിർമ്മാണം നിലച്ചു. വടക്കുഭാഗത്തെ പാലത്തിന്റെ പൈലിംഗ് ജോലികൾ പൂർണ്ണമായും നിലച്ചു. ഇപ്പോൾ നടക്കുന്നത് മലയാളി തൊഴിലാളികൾ നടത്തുന്ന കമ്പി പണികളും ഒാടയുടെ നിർമ്മാണവും.

3). പന്ത്രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള ഇളമണ്ണൂർ - കലഞ്ഞൂർ - പാടം റോഡിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നത് 56 അതിഥി തൊഴിലാളികൾ. നിലവിലുള്ളത് 14 പേർ മാത്രം.

4). അടൂർ കോടതി കെട്ടിടത്തിന്റെ പൈലിംഗ് ജോലികൾ പൂർണ്ണമായും നിലച്ചു. 139 പൈലുകൾ വേണ്ടിടത്ത് നിർമ്മാണം പൂർത്തിയായത്

77 എണ്ണം മാത്രം.

5). പറക്കോട് എക്സൈസ് ഒാഫീസ്, അടൂർ വെറ്റിനറിനറി പോളിക്ളീനിക്, മണക്കാലയിലെ പോളിടെക്നിക്ക് എന്നിവയുടെ നിർമ്മാണം.

അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കം നിർമ്മാണ മേഖലയ്ക്ക് കനത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജോലിക്കാരെ ലഭിക്കാനില്ലെന്നത് മാത്രമല്ല, ഉള്ളവർക്ക് ഇരട്ടിക്കൂലി നൽകേണ്ടി വരുന്നു.

ജോണി

മാനേജിംഗ് ഡയറകടർ

തെരുവത്ത് ഗ്രൂപ്പ്.