navathi

തിരുവല്ല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആശാവഹമായ ഫലങ്ങളാണ് ലഭിക്കുന്നതെന്നും രാജ്യപുരോഗതിക്കായി ഒത്തുചേരാനുള്ള സമയമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മാർത്തോമാ സഭാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ നവതി ആഘോഷം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. ദേശീയതയുടെ മൂല്യങ്ങളിൽ അടിയുറച്ചാണ് സഭയുടെ പ്രവർത്തനമെന്നും മെത്രാപ്പോലീത്തയും സഭയും നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മറുപടി പ്രസംഗത്തിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ മെത്രാപ്പൊലീത്ത ലോകം നേരിടുന്ന സമാനതകളിലാത്ത പ്രതിസന്ധിയെ ഓർത്ത് വിതുമ്പി. യാതനകൾ അനുഭവിക്കുന്നവരുടെയും ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മെത്രാപ്പൊലീത്ത പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം തിരുവല്ല മാർത്തോമ്മാ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ, ഡോ.ഗീവർഗീസ്‌ മാർ തിയഡോഷ്യസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ബിഷപ് തോമസ് കെ.ഉമ്മൻ, ഡോ.ജോസഫ് മാർ ഗ്രിഗോറിയോസ്, രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ, ഡോ. ഉഷാ ടൈറ്റസ്, അക്കീരമൺ കാളിദാസഭട്ടതിരി, സലിം സഖാഫി മൗലവി, സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ്, ആന്റോ ആന്റണി എം.പി, മാത്യു.ടി.തോമസ് എം.എൽ.എ, ജില്ലാ കളക്ടർ പി.ബി. നൂഹ് എന്നിവർ പങ്കെടുത്തു.

വൈദിക ട്രസ്റ്റി റവ.തോമസ് കെ.അലക്‌സാണ്ടർ, അത്മായ ട്രസ്റ്റി പി.പി.അച്ചൻകുഞ്ഞ് എന്നിവർ മംഗളപത്രം സമർപ്പിച്ചു. മിസോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ളയ്ക്ക് വേണ്ടി ബി.ജെ.പി സംസ്ഥാന സമിതിയംഗം ടി.ആർ. അജിത് കുമാർ, ജില്ലാസെൽ കോ - ഒാർഡിനേറ്റർ വിനോദ് തിരുമൂലപുരം എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. രാവിലെ പുലത്തീൻ ചാപ്പലിൽ നടന്ന സ്തോത്ര ശുശ്രൂഷയോടും കുർബാനയോടും കൂടിയായിരുന്നു നവതി ആഘോഷ ചടങ്ങുകൾക്ക് തുടക്കമായത്.