@ പ്രതിദിന നഷ്ടം 20 ലക്ഷം


പത്തനംതിട്ട: ലോക്ക് ഡൗൺ ഇളവിൽ അന്തർ ജില്ലാ സർവീസുകളടക്കം ആരംഭിച്ചിട്ടും കെ.എസ്.ആർ.ടി.സി.യുടെ കഷ്ടകാലം തീരുന്നില്ല. ചില റൂട്ടുകളിൽ പകുതിയിലേറെ സീറ്റുകളിലും യാത്രക്കാരില്ല. വരുമാനത്തിൽ വലിയ കുറവ് വന്നിട്ടുളള റൂട്ടുകൾ സർവീസ് റദ്ദാക്കുന്നതിനെപ്പറ്റി അധികൃതർ ആലോചിക്കുകയാണ്.

ഇപ്പോൾ പ്രതിദിനം 20 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. വെള്ളിയാഴ്ച ഏഴ് ഡിപ്പോകളിൽ 105 സർവീസുകൾ നടത്തിയിട്ടും ആറുലക്ഷത്തിൽ താഴെ മാത്രമാണ് വരുമാനം. 5,60,105 രൂപയാണ് ശനിയാഴ്ചത്തെ വരുമാനം.

സർവീസ് നടത്തിയതിൽ ഡീസലടിക്കാനുള്ള പണം ലഭിച്ചത് 18 ബസുകളിൽ നിന്നുമാത്രമാണ്. കെ.എസ്.ആർ.ടി.സിയുടെ കണക്കനുസരിച്ച് ഒരു കിലോമീറ്ററിന് കുറഞ്ഞത് 30 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ വലിയ നഷ്ടമില്ലാതെ പോകാൻ കഴിയൂ. എന്നാൽ, മിക്ക ബസുകൾക്കും 20.13 രൂപയാണ് ലഭിക്കുന്നത്. പത്തനംതിട്ട, തിരുവല്ല, അടൂർ ഡിപ്പോകൾക്കൊന്നും ഇതുവരെ നേട്ടമുണ്ടാക്കാനായില്ല.

@ കയറാൻ മടിച്ച് യാത്രക്കാർ

എല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്താമെന്ന സർക്കാർ നിർദേശം കൂടുതൽ കുഴപ്പത്തിലാക്കിയിട്ടുണ്ട്. ആദ്യ സമയങ്ങളിൽ രണ്ട് സീറ്റിൽ ഒരാളെയും മൂന്ന് സീറ്റിൽ രണ്ടാളെയും ഇരുത്തിയതിനാലും സുരക്ഷാ മുൻകരുതലുകൾ ഉള്ളതിനാലും യാത്രക്കാർ ബസിൽ കയറിയിരുന്നു. എന്നാൽ, എല്ലാസീറ്റിലും ആളെ ഇരുത്താമെന്ന നിർദേശം വന്നതോടെ യാത്രക്കാർ കയറാൻ മടിക്കുകയാണ്. സ്ഥിരം യാത്രക്കാരായ പല ആളുകളും സ്വന്തം വാഹനങ്ങളിലോ ഓഫീസുകളിൽ ജോലി ചെയ്യുന്നവരുടെ ഒപ്പമോ ആണ് പോകുന്നത്. സാമൂഹിക അകലം പാലിക്കാതെ എല്ലാ സീറ്റുകളിലും യാത്രക്കാരെ കയറ്റണമെന്ന നിർദേശം ജീവനക്കാർക്കിടയിലും പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.


വിവിധ ഡിപ്പോകളിൽ വെള്ളിയാഴ്ച ലഭിച്ച വരുമാനം. ബ്രാക്കറ്റിൽ ലോക്ക് ഡൗണിന് മുൻപ് ഒരുദിവസത്തെ ശരാശരി വരുമാനം


റാന്നി : 26,895 (40000)
മല്ലപ്പള്ളി : 68,000 ( 3ലക്ഷം)
കോന്നി : 30,000 ( 2ലക്ഷം)
പന്തളം : 40,000 (2ലക്ഷം)
തിരുവല്ല :1.30 ലക്ഷം (7ലക്ഷം)
അടൂർ : 1.50 ലക്ഷം (6ലക്ഷം)
പത്തനംതിട്ട : 1.15 ലക്ഷം (7ലക്ഷം)