elephant

തിരുവല്ല: കരിവീരന്മാരായ നാരായണൻകുട്ടിയും ശ്രീശങ്കരിയും പാർവ്വതിയും സൗജന്യ റേഷൻ വാങ്ങാനെത്തിയത് നാട്ടുകാർക്ക് കൗതുക കാഴ്ചയായി. മനുഷ്യരെപ്പോലെ ലോക്ക് ഡൗൺ കാലത്ത് പണിയില്ലാതിരിക്കുന്ന ഇരവിപേരൂർ പഞ്ചായത്തിലെ മൂന്ന് ആനകളാണ് ഇന്നലെ സംസ്ഥാന സർക്കാർ നൽകിയ റേഷൻ സാധനങ്ങൾ വാങ്ങാനെത്തിയത്. വലിയ ആറ് ചാക്കുകളിലായി ഭക്ഷ്യസാധനങ്ങൾ ഓരോ ആനയ്ക്കും ലഭിച്ചു. ലോക്ക്ഡൗൺ കാലത്ത് ആനകൾക്ക് തീറ്റ മുടങ്ങിയ വിവരം ആനപ്രേമികളാണ് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതേതുടർന്ന് സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും വിവിധ പലവ്യജ്ഞന കിറ്റ് നൽകിയതിന്റെ തുടർച്ചയായി ആനകൾക്കും റേഷൻകിറ്റ് നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതിനായി അഞ്ചുകോടി രൂപയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആനകൾക്ക് പഴക്കുലകൾ നൽകി വകുപ്പ് മന്ത്രി കെ.രാജു നിർവ്വഹിച്ചു. ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റെ സുഖ ചികിത്സാ കിറ്റ് വിതരണം വീണാ ജോർജ്ജ് എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവിയും ചേർന്ന് നിർവ്വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ജോണി എബ്രഹാം പദ്ധതി വിശദീകരിച്ചു. ഡെപ്യുട്ടി ഡയറക്ടർ ഡോ.ഒ.പി രാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.രാജീവ്, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ എന്നിവർ പ്രസംഗിച്ചു.

40 ദിവസത്തെ കിറ്റ്
അരി 120 കിലോ, ഗോതമ്പ് 160 കിലോ, റാഗി 120 കിലോ, മുതിര 20 കിലോ, ചെറുപയർ 16 കിലോ, മഞ്ഞൾപ്പൊടി 400 ഗ്രാം, ശർക്കര നാല് കിലോ, ഉപ്പ് 2. 250 കിലോ എന്നിവയാണ് ആനയ്ക്കുള്ള സൗജന്യ കിറ്റിലുള്ളത്. ഓരോ ആനയ്ക്കും 16,000 രൂപയുടെ ഭക്ഷ്യവസ്തുക്കൾ ലഭിക്കും. ഇതോടൊപ്പം ഇരവിപേരൂർ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി ആനകൾക്ക് സുഖ ചികിത്സയ്ക്ക് ലേഹ്യം നിർമ്മിക്കാനുള്ള കിറ്റും നൽകി.