കുന്നന്താനം: വസ്തു സംബന്ധമായ തർക്കത്തെ തുടർന്ന് സ്വന്തം അമ്മാവനെ വെട്ടുകത്തി കൊണ്ട് വെട്ടി മാരകമായി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ കീഴ്‌വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം മഠത്തിക്കാവ് വിളയിടത്ത് പടിഞ്ഞാറേതിൽ രാജേന്ദ്രൻ നായർ (58) നെ വെട്ടിയ കേസിലാണ് മുക്കാട്ട് പടിഞ്ഞാറേതിൽ സന്തോഷ് (43)നെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു സംഭവം. പ്രതിയുടെ വീടിനോട് ചേർന്നുള്ള വഴിയിൽ കിണറ് വെട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് വെട്ടിൽ കലാശിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. സി.ഐ സി.ടി സഞ്ജയ്,എസ് ഐ മാരായ സോമനാഥൻ നായർ, ഷിബു എം.കെ, സുരേഷ് കുമാർ, സി.പിഓമാരായ സുനിൽകുമാർ, പ്രവീൺ. പി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.