പത്തനംതിട്ട : ജില്ലാ ഭരണകൂടം അക്ഷയകേന്ദ്രങ്ങളുടെ പങ്കാളിത്തത്തോടെ വീഡിയോ കോൺഫറൻസ് മുഖേന നടത്തിയ റാന്നി താലൂക്ക്തല അദാലത്തിൽ 39 പരാതികൾ പരിഹരിച്ചു. ജില്ലാ കളക്ടർ പി.ബി. നൂഹിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ നിന്നും ഓൺലൈ‌നായി നടത്തിയ അദാലത്തിൽ റാന്നി താലൂക്കിലെ 13 അക്ഷയകേന്ദ്രങ്ങളിൽ മുൻകൂട്ടി പരാതി രജിസ്റ്റർ ചെയ്തവർ ഹാജരായി പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടു.അദാലത്തിന്റെ പരിഗണനയ്ക്കായി ലഭ്യമായതിൽ ഭൂരിഭാഗം പരാതികളും വസ്തു സംബന്ധമായ പട്ടയം, പോക്കുവരവ് എന്നിവയായിരുന്നു. പരാതി പരിഹരിക്കുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണം ആവശ്യമുള്ളവ റിപ്പോർട്ടുകൾക്കായി അയച്ചു.അയൽവാസികളുടെ വസ്തുവിൽ നിൽക്കുന്ന മരങ്ങൾ വീടുകൾക്ക് അപകട ഭീഷണി ഉയർത്തുന്നതായ നിരവധി പരാതികൾ ലഭിച്ചു. ഇതിൻമേൽ അടിയന്തര നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകി.വിവിധ ക്ഷേമപെൻഷനുകൾ,വീടിനുള്ള ധസഹായം,ചികിൽസാ സഹായം,റേഷൻ കാർഡ് തുടങ്ങിയ പരാതികളും അദാലത്തിൽ പരിഗണിച്ചു.ബാങ്ക് വായ്പ തിരിച്ചടവിന് സാവകാശം ആവശ്യപ്പെട്ടുള്ള അപേക്ഷകൾ ശുപാർശയോടു കൂടി സർക്കാരിലേക്ക് അയച്ച് തീരുമാനം ലഭിക്കുന്നത് അനുസരിച്ച് നടപടി സ്വീകരിക്കും. അദാലത്തിൽ എ.ഡി.എം അലക്‌സ് പി.തോമസ്,റാന്നി തഹസിൽദാർ ജോൺ.പി.വർഗീസ്, എൽ.ആർ.തഹസിൽദാർ ഒ.കെ.ഷൈല, ഐ.ടി.മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ഷൈൻ ജോസ്, ജില്ലാ സപ്ലൈസ് ഓഫീസ് സീനിയർ സൂപ്രണ്ട് വിനോദ് കുമാർ,വില്ലേജ് ഓഫീസർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,അക്ഷയ സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.