eco

പത്തനംതിട്ട:തലപുകച്ചിട്ട് കാര്യമില്ല. പഠനം രസകരമാക്കിയാൽ സാമ്പത്തിക ശാസ്ത്രം അറിയാതെ ഉള്ളിലുറയ്ക്കുമെന്ന് തെളിയിക്കുകയാണ്

ഗവ. സ്കൂൾ അദ്ധ്യാപകരായ ത്രിമൂർത്തികൾ. പ്ളസ് ടു വിദ്യാർത്ഥികൾക്കുവേണ്ടി അദ്ധ്യാപകരായ പി.ആർ.ഗിരീഷും എം.അഷറഫും എം.ജി ഹരികുമാറും അവതരിപ്പിക്കുന്ന ഇക്കണോമിക്സ് പഠനം സോഷ്യൽ മീഡിയയിൽ ഹരമായി.

'ഞാൻ മൈക്രോ ഇക്കണോമിക്സ്..., ഞാൻ മാക്രോ ഇക്കണോമിക്സ്' എന്നിങ്ങനെ സ്വയം പാഠ്യവിഷയമായി മാറുകയാണ് ഇവർ.

സ്മാർട്ട് പ്ളസ് ടു ഇക്കണോമിക്സ് എന്ന സൗജന്യ യു ട്യൂബ് ചാനലും തുടങ്ങി. അടൂർ ഗവ.ഗേൾസ് സ്കൂളിലാണ് ഷൂട്ടിംഗ്. സ്റ്റുഡിയോയിൽ എഡിറ്റ് ചെയ്ത് അപ് ലോഡ് ചെയ്യുന്നു. പ്ളസ് ടു ഇക്കണോമിക്സിലെ 12 അദ്ധ്യായങ്ങളും കൗതുകകരമായി അവതരിപ്പിച്ച് സോഷ്യൽമീഡിയ വഴി കുട്ടികൾക്ക് ലഭ്യമാക്കും. നാല് ദിവസം കൂടുമ്പോൾ ഒാരോ അദ്ധ്യായം നൽകും. ഷൂട്ടിംഗിന്റെയും എഡിറ്റിംഗിന്റെയും ചെലവ് സ്വന്തം കീശകളിൽ നിന്ന് പങ്കിടും. ഒരു തവണ വീഡിയോ ഷൂട്ട് ചെയ്ത് എഡിറ്റിംഗ് പൂർത്തിയാകുമ്പോൾ 2400രൂപ ചെലവാകും.

അടൂർ ഗവ. ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ ഇക്കോണോമിക്സ് അദ്ധ്യാപകനാണ് പി.ആർ. ഗിരീഷ്. ഗേൾസ് സ്കൂൾ പ്രിൻസിപ്പലും ഇക്കണോമിക്സ് അദ്ധ്യാപകനുമാണ് എം. അഷറഫ്. ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് ഗവ.ഹയർസെക്കണ്ടറി സ്കൂൾ ഇക്കണോമിക്സ് അദ്ധ്യാപകനാണ് ഹരികുമാർ.

'' കൊവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്ക് സ്കൂളിൽ എത്താൻ കഴിയാത്തതിനാലാണ് എല്ലാവർക്കും ഇഷ്ടമാകുന്ന പഠനരീതി പരീക്ഷിച്ചത്.

പി.ആർ.ഗിരീഷ്, കോർഡിനേറ്റർ.