ജലചൂഷണവും മാലിന്യ നിക്ഷേപവും രൂക്ഷം
അരുവാപ്പുലം: മലയോരത്തെ തഴുകിയുണർത്തുന്ന അച്ചൻകോവിലാർ അനിയന്ത്രിതമായ ജലചൂഷണവും മാലിന്യ നിക്ഷേപവും മൂലം അതിജീവനത്തിനായി പൊരുതുകയാണ്. നഗരങ്ങളിലെ മാലിന്യങ്ങൾ കൈതോടുകൾ വഴി നദിയിൽ എത്തുന്നതും അശാസ്ത്രീയമായ നിർമ്മാണങ്ങൾ മൂലം സ്വാഭാവിക ഒഴുക്ക് തടസപ്പെടുന്നതുമാണ് നാശത്തിന് കാരണം. തോട്ടപൊട്ടിച്ചും നഞ്ച് കലക്കിയും വിഷം കലർത്തിയുമുള്ള മീൻപിടിത്തം മൂലം നദിയിലെ മത്സ്യസമ്പത്തും ശുദ്ധജലലഭ്യതയും നഷ്ടമാവുന്നു. മാലിന്യം നിറഞ്ഞ് പകർച്ചവ്യാധികൾ പകരുന്ന കേന്ദ്രമായി നദീതീരം മാറുകയാണ്.
128 കിലോമീറ്റർ നീളം
1. കൊല്ലം ജില്ലയിലെ അച്ചൻകോവിൽ തൂവൻ മലനിരകളിലെ പശുകിടാമേട്, രാമക്കൽതേരി, ഋഷിമല എന്നിവടങ്ങളിൽ നിന്ന് അരുവികളായാണ് നദിയുടെ ഉത്ഭവം.
2. കോന്നി, പത്തനംതിട്ട, പന്തളം, മാവേലിക്കര നഗരങ്ങളിലൂടെ ആലപ്പുഴ ജില്ലയിലെ വീയപുരത്ത് പമ്പയിൽ സംഗമിക്കുന്നു.
3. അച്ചൻകോവിൽ മുതൽ കല്ലേലി വരെ നദി ഒഴുകുന്നത് വനത്തിലൂടെയാണ്.
സമൃദ്ധിയുടെ നാളുകൾ
മലയോരത്തെ കർഷകരുടെ ജീവനാഡിയായിരുന്നു ഒരുകാലത്ത് അച്ചൻകോവിലാർ. കുളിക്കാനും വസ്ത്രം കഴുകാനും കന്നുകാലികളെ കുളിപ്പിക്കാനും നദിയെ ഉപയോഗപ്പെടുത്തിയിരുന്നു. നദിയുടെ ഇരുകരകളിലെയും കിണറുകൾ ജലസമൃദ്ധമായിരുന്നു. പഴമക്കാരുടെ അനുഭവങ്ങളിൽ നിന്ന് വ്യത്യസ്ഥമായ നിലയിലേക്കാണിന്ന് നദി നീങ്ങുന്നത്. ഒരു കാലത്ത് നദിയിൽ സമ്പന്നമായിരുന്ന കല്ലേമുട്ടി, ചേറുമീൻ തുടങ്ങിയ മത്സ്യങ്ങൾ വംശനാശ ഭീഷിണിയിലാണ്.