മല്ലപ്പള്ളി : കൊവിഡ് -19 രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശ പ്രകാരം താലൂക്ക് സപ്ലൈ ഓഫീസിൽ പൊതുജനങ്ങൾ എത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. പുതിയ റേഷൻ കാർഡ്, പേരുകൾ നീക്കം ചെയ്യൽ, കൂട്ടിച്ചേർക്കുക, തിരുത്തൽ വരുത്തുക, ആധാർ-മൊബൈൽ നമ്പർ ലിങ്ക് ചെയ്യുന്നതുൾപ്പെടെ റേഷൻ കാർഡ് സംബന്ധമായ എല്ലാ അപേക്ഷകളും ഓൺലൈനായി അക്ഷയ കേന്ദ്രത്തിലൂടെയോ, സിറ്റിസൺ ലോഗിൻ വഴിയോ മാത്രമേ നൽകാനാകൂ. അപേക്ഷയോടൊപ്പം എല്ലാ അനുബന്ധ രേഖകളും സ്‌കാൻ ചെയ്തു അയക്കേണ്ടതാണ്. അപേക്ഷകൾ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിച്ച ശേഷം അപേക്ഷകരെ താലൂക്ക് സപ്ലൈ ആഫീസിൽ നിന്ന് ഫോണിലുടെ വിവരം അറിയിച്ചതിന് ശേഷം ആഫീസിൽ നേരിട്ട് ഹാജരായി റേഷൻ കാർഡ് കൈപ്പറ്റണം. നിലവിലുള്ള പൊതുവിഭാഗം കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ആഫീസ് കൗണ്ടറിൽ വച്ചിട്ടുള്ള പെട്ടികളിൽ നിക്ഷേപിക്കാം. ടെലഫോൺ നമ്പർ വ്യക്തമായി രേഖപ്പെടുത്തണം. നിയന്ത്രണങ്ങൾ ഇന്ന് മുതൽ നിലവിൽ വരുമെന്ന് താലൂക്ക് സപ്ലൈ ആഫീസർ ആർ. അഭിമന്യു അറിയിച്ചു.