pta

പത്തനംതിട്ട: ഞായർ ലോക്ക് ഡൗൺ ഒഴിവാക്കിയെങ്കിലും ഇന്നലെ നാടും നഗരവും വിജനമായിരുന്നു. നഗരങ്ങളിൽ ഹോട്ടലുകൾ ഉൾപ്പെടെ കടകൾ കൂടുതലും അടഞ്ഞു കിടന്നു. മെഡിക്കൽ സ്റ്റോറുകൾ തുറന്നു. കെ.എസ്.ആർ.ടി. സി പ്രധാന റൂട്ടുകളിൽ സർവീസുകൾ നട‌ത്തിയെങ്കിലും യാത്രക്കാർ ഇല്ലാതിരുന്നതിനാൽ ചിലത് ഉച്ചയ്ക്ക് ശേഷം റദ്ദാക്കി. സ്വകാര്യ ബസുകൾ റോഡിലിറങ്ങിയില്ല.

കെ.എസ്.ആർ.ടി.സി ഇന്നലെ ജില്ലയിൽ 23 സർവീസുകളാണ് നടത്തിയത്. ആകെ 105 സർവീസുകളാണുള്ളത്. അടൂർ 6, പത്തനംതിട്ട 6, തിരുവല്ല 3, മല്ലപ്പള്ളി, പന്തളം, കോന്നി, റാന്നി ഡിപ്പോകളിൽ നിന്ന് 2വീതം എന്നിങ്ങനെയാണ് സർവീസ് നടത്തിയത്.

പത്തനംതിട്ടയിൽ നിന്ന് തിരുവല്ല, ആങ്ങമൂഴി, കൊല്ലം, റാന്നി, മുണ്ടക്കയം, തലച്ചിറ എന്നിവിടങ്ങളിലേക്കാണ് ബസ് ഒാടിച്ചത്. ഉച്ചയ്ക്ക് ശേഷം കൊല്ലം സർവീസുകൾ അടൂർ വരെയാക്കി.

അടൂരിൽ നിന്ന് പത്തനംതിട്ട, ശാസ്താംകോട്ട, കൊട്ടാരക്കര, പത്തനാപുരം, കായംകുളം, തിരുവല്ല എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തി.

കോന്നിയിൽ നിന്ന് പത്തനാപുരം, പത്തനംതിട്ട റൂട്ടുകളിലാണ് ബസ് അയച്ചത്. മല്ലപ്പളളിയിൽ നിന്ന് കോട്ടയം, തിരുവല്ല റൂട്ടിലും റാന്നിയിൽ നിന്ന് എരുമേലി, പത്തനംതിട്ട റൂട്ടിലും സർവീസ് നടത്തി. തിരുവല്ലയിൽ നിന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം റൂട്ടുകളിലാണ് സർവീസ് നടത്തിയത്.