പത്തനംതിട്ട : ക്വാറന്റൈനിലുള്ളവർ പുറത്തിറങ്ങി നടക്കുന്നത് പോലെ തന്നെ ഭയപ്പെടേണ്ടതാണ് അവരെപ്പറ്റി അപവാദം പ്രചരിപ്പിക്കുന്നതും. ജില്ലയിൽ പലയിടത്തും ക്വാറന്റൈനിൽ കഴിയുന്നവരെ തളർത്തുന്ന രീതിയിലാണ് നാട്ടുകാരുടെ പ്രതികരണം. ഇങ്ങനെയുള്ള പ്രചാരണത്തിലൂടെ ചിലർ വിനോദം കണ്ടെത്തുന്നു. തണ്ണിത്തോട് നിരീക്ഷണത്തിലിരുന്ന വിദ്യാർത്ഥിയുടെ വീടാക്രമിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. അതിന് ശേഷവും വിദേശത്ത് നിന്നെത്തുന്നവർക്ക് സ്വന്തം വീട്ടിൽ കയറാൻ പറ്റാത്ത സാഹചര്യവും ജില്ലയിലുണ്ടായി. നെടുമ്പ്രം പഞ്ചായത്തിലെ കാരാത്ര കോളനിയിലുള്ള ക്വാറന്റൈൻ കേന്ദ്രത്തിൽ പുറത്തുനിന്ന് എത്തുന്നവരെ താമസിപ്പിക്കാൻ നാട്ടുകാർ സമ്മതിക്കാത്ത സാഹചര്യമാണുള്ളത്. രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങുന്നവരോടും സമൂഹത്തിന് അയിത്തമാണ്.
കൊവിഡ് പോസിറ്റീവായ അമ്മയുടെ മകൾ പറയുന്നു
അമ്മയും അച്ഛനും വിദേശത്തായിരുന്നു. നാട്ടിൽ എത്തിയപ്പോൾ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അച്ഛൻ വീട്ടിൽ ക്വാറന്റൈനിലും ഞാൻ എറണാകുളത്തും അനിയൻ ചെന്നൈയിലും ജോലി ചെയ്യുകയാണ്. അമ്മയെ ആശുപത്രിയിലാക്കിയതോടെ അച്ഛൻ വീട്ടിൽ തനിച്ചായി. ഗേറ്റിൽ ഭക്ഷണം കൊണ്ടുവയ്ക്കുമ്പോൾ വന്ന് എടുത്തുകൊണ്ട് പോകും. വീടിന് ചുറ്റും മതിലാണ്. ഗേറ്റ് പൂട്ടിയ നിലയിലും.
അച്ഛൻ പുറത്തിറങ്ങി നടക്കുന്നുവെന്ന് പരാതിയുള്ളതിനാൽ ആരോഗ്യവകുപ്പ് അധികൃതരും പൊലീസും വിളിച്ച് അന്വേഷിക്കുകയാണ്. അച്ഛനെ അത് മാനസികമായി തളർത്തുന്നുണ്ട്. മോട്ടോർ കേടായപ്പോൾ വെള്ളം എടുക്കാൻ വീടിന് പുറത്തിറങ്ങി. അല്ലാതെ നാട്ടിലേക്ക് ഇറങ്ങിയിട്ടില്ല. പക്ഷെ പുറത്തിറങ്ങിയെന്ന് പല തരത്തിൽ ആളുകൾ പ്രചരിപ്പിക്കുകയാണ്. മാനസികമായി തളർന്നിരിക്കുന്ന സമയമാണിത്. ഇങ്ങനെയുള്ള കിംവദന്തികൾ ഞങ്ങളെ ഒറ്റപ്പെടുത്തുന്നു. ഒരു സമ്പർക്കവും ഉണ്ടാവാതിരിക്കാൻ വീട് പോലും തുറക്കാതെയിരിക്കുന്ന അച്ഛനെക്കുറിച്ച് ഇങ്ങനെ പറയുമ്പോൾ ബുദ്ധിമുട്ടാണ്. അമ്മയോടൊപ്പം രോഗം സ്ഥിരീകരിച്ച മറ്റൊരാൾ മരിച്ചു എന്നുവരെ പറഞ്ഞുപരത്തിയിരുന്നു. രോഗത്തെക്കാൾ ഭയപ്പെടുകയാണ് ഇത്തരം പ്രചാരണങ്ങളെ.
ഇത് ആർക്കും വരാവുന്ന രോഗമാണ്. വിഷമത്തോടെയാണെങ്കിലും സർക്കാരിന്റെ എല്ലാ നിയന്ത്രണങ്ങളോടും പൂർണമായും സഹകരിച്ചിട്ടും ചിലരുടെ പ്രവൃത്തി കാണുമ്പോൾ ഏറെ വിഷമം തോന്നുന്നു.
"കൊവിഡ് വരില്ലെന്ന് ആരും വിചാരിക്കരുത്. നമ്മളെല്ലാവരും എപ്പോൾ വേണമെങ്കിലും രോഗികളാകാം. ഒരു വീട്ടിൽ 14 ഉം 28 ഉം ദിവസം ഒറ്റയ്ക്ക് താമസിക്കുന്നവരുടെ മാനസികാവസ്ഥ അത് അനുഭവിക്കുന്നവർക്ക് മാത്രമാണ് മനസിലാകുക. ക്വാറന്റൈനിലുള്ളവർക്ക് മാനസിക പിന്തുണ ആണ് നൽകേണ്ടത്. അപവാദങ്ങളല്ല. അവർക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ചെയ്തുനൽകണം. അല്ലാതെ പുറത്തിറങ്ങി നടക്കുന്നുവെന്ന് കള്ളപ്രചാരണം നടത്തുകയല്ല വേണ്ടത്. പിന്തുണ നൽകിയില്ലെങ്കിലും തളർത്താതിരിക്കാൻ ശ്രദ്ധിക്കണം. "
ഡോ. എ.എൽ.ഷീജ
(പത്തനംതിട്ട ഡി.എം.ഒ)
"ക്വാറന്റൈൻ ലംഘനം നടത്തുന്നുവെന്ന വ്യാജസന്ദേശം നൽകുന്നവർക്കെതിരെ നടപടിയെടുക്കും. ജില്ലയിൽ അങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വ്യാജ പരാതികൾ നൽകിയാൽ കേസെടുക്കും."
കെ.ജി സൈമൺ
(ജില്ലാ പൊലീസ് മേധാവി)
ഇതിലും ഭേദം കൊവിഡ് വന്ന് മരിക്കുന്നത്
(രോഗം ഭേദമായ വീട്ടമ്മ)
തിരുവല്ല : കൊവിഡ് ഭേദമായി വീട്ടിലെത്തിയിട്ടും നാട്ടുകാരും സമൂഹവും ഒറ്റപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായാണ് വീട്ടമ്മയുടെ പരാതി. കടപ്ര 11ാം വാർഡിൽ സൈക്കിൾമുക്കിന് പടിഞ്ഞാറ് വശം കൊല്ലംപറമ്പിൽ കോളനി നിവാസിയായ വീട്ടമ്മയ്ക്കാണ് ഇൗ ദുരവസ്ഥ.
കുവൈത്തിൽ നിന്ന് മെയ് 27 ന് നാട്ടിൽ മടങ്ങിയെത്തി. എയർപോർട്ടിൽ നിന്ന് സർക്കാർ സംവിധാന പ്രകാരമാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിയത്. ജൂൺ നാലിനെത്തിയ പരിശോധന ഫലത്തിൽ കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സ പൂർത്തിയാക്കി രണ്ട് തവണ നടത്തിയ പരിശോധനയിലും നെഗറ്റീവായതിനെ തുടർന്ന് 19ന് വീട്ടിലേക്ക് മടങ്ങി. നാല് സെന്റ് സ്ഥലത്ത് പണിതിരിക്കുന്ന രണ്ട് മുറി വീട്ടിലാണ് താമസം. വീടിനുള്ളിൽ ശൗചാലയമില്ല. വെള്ളം എടുക്കാൻ പൊതുകിണറാണ് ആശ്രയം. ഇപ്പോൾ വീടിനു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. പൊതു കിണറിൽ നിന്ന് വെള്ളം എടുക്കാൻ നാട്ടുകാർ സമ്മതിക്കില്ല.
മാതാപിതാക്കളും ഭർത്താവും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തെ നാട്ടുകാർ ഒറ്റപ്പെടുത്തുകയാണ്. ഭർത്താവ് കടയിൽ ചെന്നാൽ സാധനങ്ങൾ പോലും നൽകില്ല. സഹിക്കാവുന്നതിലും അപ്പുറമാണ് രോഗം വന്നതിന്റെ പേരിലുള്ള കുറ്റപ്പെടുത്തലുകൾ. പേരും വിലാസവും ഉൾപ്പെടെ കൊവിഡ് രോഗിയാണെന്ന് കാണിച്ച് ചിലർ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചാരണവും നടത്തുന്നു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്കും പുളിക്കീഴ് പൊലീസിലും പരാതി നൽകി.
ജില്ലയിലെ കൊവിഡ് ബാധിതർ : 276
ചികിത്സയിലുള്ളവർ : 171