bridge
നിരണം തോട്ടടി പാലം

തിരുവല്ല: പതിറ്റാണ്ടുകൾ പഴക്കമുള്ളതും ഇടുങ്ങിയതുമായ നിരണം തോട്ടടി പാലം യാത്രക്കാർക്ക് ഭീഷണിയാകുന്നു. പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ ദിവസവും അക്കരെയിക്കരെ കടക്കുന്നത് നൂറുകണക്കിന് ആളുകളാണ്.എന്നാൽ അപകടാവസ്ഥയിലുള്ള പാലത്തിലൂടെ കടന്നുപോകാൻ നാട്ടുകാരും വാഹനയാത്രികരും ഭയപ്പെടുന്നു.പാലത്തിന്റെ കൈവരികൾ തകർന്നിട്ട് നാളുകളായി.20വർഷം മുമ്പ് നിർമ്മിച്ച പാലത്തിന്റെ തൂണുകൾ പലതും ദ്രവിച്ചു അപകടാവസ്ഥയിലാണ്.ഇടുങ്ങിയ പാലത്തിലൂടെ ഓട്ടോറിക്ഷകൾ പോലും കഷ്ടിച്ചാണ് പോകുന്നത്. പണ്ട് മൂന്നുകരകളെയും ബന്ധിപ്പിച്ച് ഇവിടെ കടത്താണ് ഉണ്ടായിരുന്നത്.നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തിലാണ് നിലവിലുള്ള വീതികുറഞ്ഞ പാലം നിർമ്മിച്ചത്.കാലങ്ങൾ പിന്നിട്ടതോടെ പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിപ്രകാരം വീതിയുള്ള റോഡും ഇവിടെ നിർമ്മിച്ചു.എന്നാൽ അക്കരെയിക്കരെ കടക്കാൻ ഇടുങ്ങിയ പാലം മാത്രമാണ് ഇപ്പോഴും നാട്ടുകാർക്ക് ആശ്രയം.

നിരവധി ഇടങ്ങളിലേക്ക് എത്തിച്ചേരാനുള്ള എളുപ്പ മാർഗം

തലവടി തെക്കെ കരയിലുള്ളവർക്ക് നിരണം,മാവേലിക്കര,ഹരിപ്പാട് എന്നീ ഭാഗങ്ങളിലേക്കും നിരണത്ത് നിന്ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയുമായും ആലപ്പുഴ,എടത്വ എന്നിവിടങ്ങളിലേക്കും എത്തി‌ച്ചേരാനുള്ള എളുപ്പമാർഗം കൂടിയാണിത്.മഴക്കാലത്തും വെള്ളപ്പൊക്കത്തിലും ഇതുവഴിയുള്ള യാത്ര നാട്ടുകാർക്ക് പേടിസ്വപ്നമാണ്.പ്രളയകാലത്ത് മരത്തടികളും മറ്റും മാലിന്യങ്ങളും ഒഴുകിയെത്തി പാലത്തിലെ തൂണുകളിൽ തട്ടി അടിഞ്ഞുകൂടി ഏറെക്കാലം കഴിഞ്ഞാണ് അതെല്ലാം ഒഴുകിപ്പോയത്.തോട്ടിൽ സ്ഥാപിച്ചിരിക്കുന്ന പാലത്തിന്റെ നിരവധി തൂണുകളിൽ മാലിന്യങ്ങൾ കുടുങ്ങിട്ടുണ്ട്.പുതിയ പാലത്തിനായി നാട്ടുകാർ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തെ തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും നിലവിലുള്ള പാലത്തിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്.

ആലോചനയോഗം ജൂലൈ 2ന്


നിരണത്തെ തോട്ടടി പാലം പൊളിച്ച് നീക്കി പുതിയ പാലം നിർമ്മിക്കണമെന്ന് ആവശ്യപെട്ട് ജനകീയസമിതിയുടെ നേതൃത്വത്തിൽ ആലോചനയോഗം ജൂലൈ 2ന് വൈകിട്ട് നാലിന് തോട്ടടി ജംഗ്ഷനിൽ നടക്കും.ഒപ്പ് ശേഖരണവും ആരംഭിച്ചു.നിരണം,തലവടി പഞ്ചായത്തുകളിലെ ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് സമിതി ജനറൽ കൺവീനർ അജോയ് വർഗീസ്,റോബി തോമസ് തയാനാരിൽ,ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവർ അറിയിച്ചു.

-പത്തനംതിട്ട- ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം

-20 വർഷം മുമ്പ് നിർമ്മിച്ചത്

-പ്രദേശവാസികളുടെ ഏക ആശ്രയം