മലയാലപ്പുഴ: പേക്കാവിലമ്മേ....എന്നു വിളിക്കും, എന്നാൽ കാവിൽ ദേവീവിഗ്രഹങ്ങളൊന്നും കാണാനില്ല. ചില്ലകൾ വിടർത്തി നിൽക്കുന്ന കമ്പകമരത്തിന്റെ ചുവട്ടിൽ ഒരു തറ, അവിടെ കത്തി തീർന്ന ചന്ദനത്തിരികളും വിളക്കുകളും. സമീപം പട്ടും വെറ്റിലയും നാണയങ്ങളും.
റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽപ്പെട്ട വനമേഖലയിലെ പേക്കാവാണിത്. ആകാശം മുട്ടുന്നമരങ്ങളും വള്ളിപടർപ്പുകളുമായി 12 ഏക്കറിൽ നാട്ടുചലനങ്ങളിൽ നിന്ന് മാറി പേക്കാവ് നിലകൊള്ളുന്നു. കടവുപുഴയിൽ നിന്ന് വനംവകുപ്പിന്റെ മണിയാറിലേക്കുള്ള റോഡ് കടന്ന് പോകുന്നത് ഈ വനമേഖലയിലൂടെയാണ്. ഇവിടെ ആളനക്കമില്ല അപൂർവ്വമായി മാത്രം വനംവകുപ്പിന്റെ വാഹനങ്ങൾ കടന്നുപോകും. ആനചൂരു മണക്കുന്നതാണീ വഴിത്താരകൾ, ഇവിടെ വന്യമൃഗങ്ങളെയും കാണാം. വനമധ്യത്തിലാണങ്കിലും വനംവകുപ്പിന്റെ ഭൂപടങ്ങളിൽ പേക്കാവ് അടയാളപ്പെടുത്തിയിട്ടില്ല.
പേടിയൊഴിയാനുള്ള കാണിക്കകൾ പേക്കാവിലെ തറയിൽ വയ്ക്കുന്നത് കാട്ടിൽ പണിചെയ്യുന്നവരുടെ പതിവാണ്. ചിലർ ചാരായവും, മുറുക്കാനും വയ്ക്കും. രാജഭരണകാലത്ത് തിരുവിതാംകൂർ രാജാവ് വേട്ടയ്ക്ക് വന്ന സ്ഥലമാണിതെന്നും കരുതുന്നു. 1867 ൽ ടോങ്കിയ സമ്പ്രദായത്തിലൂടെ ഇവിടെ തേക്കുതൈകൾ വച്ചുപിടിപ്പിച്ചപ്പോഴും പേക്കാവ് അതേപടി നിലനിറുത്തി. വർഷങ്ങൾക്ക് മുൻപ് കമ്പകമരത്തിന്റെ ചുവട്ടിൽ തറയുണ്ടായിരുന്നില്ല. മരത്തിന്റെ പോടുകളിലേക്കാണ് അന്ന് മരംവെട്ടുകാർ നേർച്ചയിട്ടിരുന്നതും വിളക്കു വച്ചിരുന്നതും. തിരികെട്ടു പോകാതിരിക്കാൻ തറയും കൂരയും പിന്നീട് നിർമ്മിക്കുകയായിരുന്നു. കാട്ടിലെ പണിക്ക് മുൻപ് വനപാലകരും തൊഴിലാളികളും കാവിൽ നേർച്ചവയ്ക്കും. വനംകൊള്ളക്കാരും പേക്കാവിൽ മഴു വക്കാറില്ല. ബ്രട്ടീഷുകാർക്കും പേക്കാവിനെ പേടിയായിരുന്നു, ബ്രട്ടീഷുകാർ 1920ൽ ഈ വനമേഖലയിൽ തീർത്ത് വെട്ട് നടത്തി പുതിയ തേക്കുകൾ നട്ടപ്പോഴും പേക്കാവിനെ ഒഴിച്ചിട്ടു.
വിശ്വാസവും ഭീതിയും
കാവിന് നടുവിൽ വിശാലമായ കുളമുണ്ട്, രാജവെമ്പാലകളുള്ള കാവിലേക്കുള്ള വഴിയിൽ ആനത്താരകൾ കാണാം. കാട്ടിലെ ജോലികൾക്കായി ജീപ്പും ലോറിയും ഇതുവഴി അപൂർവ്വമായി പോകും. യാത്ര കഠിനമായ ഈ വഴിയിൽ നേർച്ചവച്ചില്ലെങ്കിൽ വണ്ടി മറിയുമെന്ന ഒരു വിശ്വാസവുമുണ്ട്. നിഗൂഢതകൾ പുതച്ച് നിൽക്കുന്ന കാവിലെ പിടിയെത്താത്ത കുറ്റൻ മരങ്ങൾക്ക് ഈ ഭീതിയുടെ പ്രായമുണ്ടാവാം.