പത്തനംതിട്ട : കെ.കെ മഹേശന്റെ ആത്മഹത്യയുടെ പേരിൽ എസ്.എൻ.ഡി.പി യോഗത്തെയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലനീയവും പ്രതിഷേധാർഹവുമാണെന്നും ഇൗ നീക്കത്തെ ശക്തമായി ചെറുക്കുമെന്നും പത്തനംതിട്ട യൂണിയൻ കൗൺസിൽ അറിയിച്ചു.

ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേ​റ്ററുടെ ചുമതല വഹിച്ച കാലഘട്ടത്തിൽ തന്റെ ചുമതലയിലുള്ള സ്‌കൂളിൽ നടത്തിയ നിരവധി നിയമനങ്ങളുമായി ബന്ധപ്പെട്ട് തിരിമറി കാണിച്ച മഹേശനെതിരെ ചേർത്തല യൂണിയൻ അന്വേഷണം നടത്തുകയും വിശദീകരണ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ യോഗം ജനറൽ സെക്രട്ടറിയെ യൂണിയൻ ധരിപ്പിച്ചു. ഇതു സംബന്ധിച്ച് അന്വേഷണ നടപടികൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു.

കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി എന്ന നിലയിൽ യൂണിയനിലെ മൈക്രോഫിനാൻസ് പദ്ധതികളിൽ ലക്ഷക്കണക്കിന് രൂപയുടെ ബാദ്ധ്യത വിവിധ ബാങ്കുകളിൽ വരുത്തിയതായി യൂണിയൻ പ്രവർത്തകർ മനസിലാക്കിയിരുന്നു. ഇതു സംബന്ധിച്ചു നിരവധി സംശയങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.

മാവേലിക്കര, ചെങ്ങന്നൂർ യൂണിയനുകളിലെ മൈക്രോഫിനാൻസ് ക്രമക്കേടുകൾ സംബന്ധിച്ച് കഴിഞ്ഞദിവസം ക്രൈംബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥർ മൈക്രോഫിനാൻസ് കോ- ഓർഡിനേ​റ്റർ എന്ന നിലയിൽ മഹേശനെ ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസം വരുമ്പോൾ താൻ സമ്പാദിച്ച സ്വത്തുസംബന്ധിച്ച വിശദവിവരങ്ങൾ ഹാജരാക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് മനസിലാക്കിയ അദ്ദേഹം ഇക്കാര്യത്തിൽ പലരെയും തെ​റ്റിദ്ധരിക്കുകയും ചെയ്തു.

സത്യം ഇതായിരിക്കെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അപകീർത്തിപ്പെടുത്താനും ഒ​റ്റതിരിഞ്ഞ് ആക്രമിക്കാനുമുള്ള യോഗ വിരുദ്ധശക്തികളുടെ നീക്കത്തെ തിരിച്ചറിയണം. ശ്രീനാരായണ സമൂഹം ഒ​റ്റമനസോടെ യോഗ നേതൃത്വത്തിന് ഒപ്പം ഉണ്ടാകുമെന്ന് യൂണിയൻ കൗൺസിൽ വിലയിരുത്തി.

യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസി. സെക്രട്ടറി ടി.പി.സുന്ദരേശൻ, ഡയറക്ടർ ബോർഡ് മെമ്പർ സി.എൻ. വിക്രമൻ, കൗൺസിൽ അംഗങ്ങളായ ജി. സോമനാഥൻ, പി.കെ. പ്രസന്നകുമാർ, കെ.എസ്. സുരേശൻ, പി.വി. രണേഷ്, എസ്.സജിനാഥ്, പി സലിംകുമാർ എന്നിവർ പങ്കെടുത്തു.