കോന്നി: പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ഉന്നതതല സംഘം കോന്നി മെഡിക്കൽ കോളേജ് സന്ദർശിച്ചു. മെഡിക്കൽ എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ള സംഘമാണ് കെ.യു. ജനീഷ് കുമാർ എം.എൽ.എയോടൊപ്പം ഇന്നലെ എത്തിയത്. ഡപ്യൂട്ടി ഡി.എം.ഇ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് സ്‌പെഷ്യൽ ഓഫീസർ ഡോ. ജയകുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ.സജിത്ത്, കോന്നി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വിക്രമൻ തുടങ്ങിയവരും ഉണ്ടായിരുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് സംഘം വിലയിരുത്തി. ആഗസ്റ്റിൽ ഒ.പി ആരംഭിക്കുന്നതിനുള്ള പരിശോധനയാണ് സംഘം നടത്തിയത്.ഒന്നാം ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതോടെ ആഗസ്റ്റിൽ ഒ.പി. ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പരിസ്ഥിതി അനുമതി ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
കമ്മിഷനിംഗ് അടുത്തമാസം
പൂർത്തിയായ പ്രവർത്തികളുടെ കമ്മിഷനിംഗ് ജൂലൈയിൽ നടത്താൻ യോഗത്തിൽ തീരുമാനമായി.എ.സി. പ്ലാന്റ്, ട്രാൻസ്‌ഫോർമർ, ഡി.ജി. സെറ്റ് ഉൾപ്പടെയുള്ളവയുടെ കമ്മിഷനിങ്ങാണ് നടക്കുക .നിർമ്മാണം പൂർത്തിയായ ഒ.പി.വിഭാഗം, 10 വാർഡുകൾ, വിശ്രമമുറികൾ, ടൊയ്ലറ്റ് തുടങ്ങിയവ സംഘം സന്ദർശിച്ചു. ക്ലാസ്സ് റൂമുകളും, ലിഫ്റ്റും ഉൾപ്പടെ പൂർത്തിയായ നിർമ്മാണങ്ങൾ മികച്ച നിലവാരം പുലർത്തുന്നവയാണെന്ന് സംഘം അഭിപ്രായപ്പെട്ടു. രണ്ടാം ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ട സ്ഥലവും, കോളേജ് മന്ദിരവും സംഘം സന്ദർശിച്ചു. ഒ.പി. തുടങ്ങുന്നതിനാവശ്യമായ അന്തിമ തീരുമാനമെടുക്കുന്നതിന് അടുത്തമാസം രണ്ടിന് തിരുവനന്തപുരത്ത് യോഗം ചേരും.