തിരുവല്ല: മല്ലപ്പള്ളി റോഡിലെ ചിലങ്ക ജംഗ്ഷനിൽ നിന്നും റെയിൽവേ സ്റ്റേഷൻ റോഡു വഴി ടി.കെ. റോഡിലെ വൈ.എം.സി.എ ജംഗ്ഷനിലെത്തുന്ന പൊതുമരാമത്ത് റോഡ് ബി.എം. ആൻഡ് ബി.സി ടാറിംഗ് നടത്തുന്നതിന് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 90 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായതായി മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു. റെയിൽവേ സ്റ്റേഷൻ റോഡിൽ ബൈപ്പാസ് കടന്നുപോകുന്ന നാൽക്കവലയിൽ അപകടസാദ്ധ്യത കൂടുതലായതിനാൽ ഈഭാഗത്ത് അമിത വേഗത നിയന്ത്രിക്കുന്നതിന് അനുവദനീയമായ വിധത്തിൽ ഹംബുകൾ സ്ഥാപിച്ചായിരിക്കും പണികൾ നടത്തുക. തിരുവല്ല - മല്ലപ്പള്ളി റോഡിലെ മാർത്തോമ അക്കാദമി ജംഗഷനിൽ നിന്നും റെയിൽവേ സ്റ്റേഷന്റെ മുന്നിൽ കൂടി വൈ.എം.സി.എ കവലയിൽ എത്തുന്ന വിധത്തിലായിരുന്നു ആദ്യ നിർദ്ദേശമെങ്കിലും റെയിൽവേ സ്റ്റേഷന്റെ മുൻവശം 10 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കുന്നതിന് റെയിൽവേ അധികാരികളിൽ നിന്ന് ഭൂമി ലഭ്യമാക്കി എം.പി ഫണ്ട് ഉപയോഗിച്ച് ഈഭാഗം പുനരുദ്ധരിച്ചു കൊള്ളാമെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചതുകൊണ്ടാണ്, നിർദ്ദേശം ഭേദപ്പെടുത്തി ചിലങ്ക ജംഗഷൻ മുതൽ വൈ.എം.സി.എ ജംഗ്ഷൻ വരെയായി പണികൾ ഏറ്റെടുക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. നല്ല വീതിയിൽ ഈ റോഡുകൂടി ബി.എം ആൻഡ് ബി.സി ടാറിംഗ് നടത്തിയശേഷം ബൈപ്പാസിന്റെ സാദ്ധ്യതകൾ കൂടി ഉപയോഗിച്ച് ട്രാഫിക് പരിഷ്‌കാരങ്ങൾ നടപ്പിലാക്കുവാൻ മുനിസിപ്പാലിറ്റിയുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.