പത്തനംതിട്ട: കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തെ സസ്‌പെൻഡ് ചെയ്തത് ജില്ലയിൽ യു.ഡി.എഫ് രാഷ്ട്രീയത്തിൽ കാര്യമായ ചലനമുണ്ടാക്കില്ല. തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇനിയൊരു അട്ടിമറിക്കുള്ള സാദ്ധ്യത വിരളമാണ്. ജില്ലയിൽ രണ്ട് നഗരസഭകളിലും ഒരു ഡസനിലധികം ഗ്രാമപഞ്ചായത്തുകളിലും കേരള കോൺഗ്രസിന് അംഗബലമുണ്ട്. എന്നാൽ അവിശ്വാസം അടക്കമുള്ള നടപടികളിലേക്ക് നീങ്ങാൻ സാദ്ധ്യത കുറവാണ്. തിരുവല്ല നഗരസഭയിലാണ് കേരള കോൺഗ്രസ് എമ്മിന് നിർണായക പങ്കാളിത്തമുള്ളത്. യു.ഡി.എഫ് ഭരണത്തിലുള്ള നഗരസഭയിൽ കേരള കോൺഗ്രസ് പക്ഷത്ത് പത്തംഗങ്ങളാണുള്ളത്. ഇവർ ജോസ് വിഭാഗത്തിലാണ്. എന്നാൽ യു.ഡി.എഫ് വിട്ടുള്ള നിലപാടിനോട് കൗൺസിലർമാർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. തന്നെയുമല്ല തിരുവല്ല നഗരസഭയിൽ പുതിയ ഭരണസമിതി അധികാരമേറ്റിട്ട് രണ്ടുമാസമാകുന്നതേയുള്ളൂ. ഇനിയൊരു അട്ടിമറിക്ക് ഇവിടെ സാദ്ധ്യതയില്ല. പത്തനംതിട്ട നഗരസഭയിൽ കേരള കോൺഗ്രസ് എമ്മിന് നാലംഗങ്ങളുള്ളതിൽ മൂന്നുപേരും ജോസ് വിഭാഗത്തിലാണ്. ഗ്രാമപഞ്ചായത്തുകളിൽ ജോസഫ് വിഭാഗം അംഗങ്ങളാണ് കൂടുതലായുള്ളത്. ജില്ലയിൽ കേരള കോൺഗ്രസ് എം പ്രവർത്തകർ യു.ഡി.എഫ് പക്ഷത്തു തന്നെ ഉറച്ചുനിൽക്കുമെന്ന് ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ് അഭിപ്രായപ്പെട്ടു.