പത്തനംതിട്ട: ജി.എസ്.ടി നിയമ പ്രകാരമുള്ള രേഖകളില്ലാതെ കൊണ്ടുവന്ന 721.35 ഗ്രാം സ്വർണം ജി.എസ്.ടി ഇന്റലിജൻസ് സ്‌ക്വാഡ് പിടികൂടി. തൃശൂർ സ്വദേശി ബ്രിജേഷ് ജോണിൽ നിന്നുമാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ജി.എസ്.ടി ഇന്റലിജൻസ് അസിസ്റ്റന്റ് കമ്മിഷണർ എൻ.എസ്. സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം സ്വർണം പിടികൂടിയത്. ജില്ലയിലെ ചില ജൂവലറികൾക്ക് നൽകാൻ കൊണ്ടുവന്നതായിരുന്നു. 600 ഗ്രാമിന്റെ കട്ടികളും 121 ഗ്രാമിന്റെ ആഭരണങ്ങളുമായിരുന്നു ഇയാളുടെ കൈവശമുള്ള ബാഗിൽ ഉണ്ടായിരുന്നത്. ജി.എസ്.ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ ജയനാരായണന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. 1.96 ലക്ഷം രൂപ പിഴ ഈടാക്കിയ ശേഷം സ്വർണം വിട്ടുകൊടുത്തു. ഇന്റലിജൻസ് ഇൻസ്‌പെക്ടർമാരായ സുധീർ, ഷോബി തോമസ്, അനിൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.