പത്തനംതിട്ട : ഇന്ന് ഡോക്ടേഴ്സ് ഡേ. ഈ വർഷത്തെ ‌ഡോക്ടേഴ്സ് ഡേ എന്ത് കൊണ്ടും പ്രത്യേകതകൾ നിറഞ്ഞതാണ്. കൊവിഡിനെ നേരിടാൻ ജില്ലയിൽ മുന്നിൽ നിന്നു നയിക്കുന്ന നിരവധി ഡോക്ടർമാർ ഉണ്ട്. ഓരോ ദിവസവും കുടുംബത്തെ പോലും മറന്നാണ് അവരുടെ ജീവിതം.

ഡോ. ആനന്ദ്, ഡോ. ശംഭു...

(പ്രതിരോധ ഭടൻമാരാണിവർ)

കൊവിഡ് പ്രതിരോധത്തിൽ ചുക്കാൻ പിടിച്ച ഡോ. ആനന്ദ്, ഡോ. ശംഭു തുടങ്ങിയവരെ വിസ്മരിക്കാൻ കഴിയില്ല. ഇറ്റലിയിൽ നിന്ന് എത്തിയ കുടുംബത്തിന് രോഗം ഉണ്ടോയെന്ന് സംശയം പ്രകടിപ്പിച്ചത് ഈ ഡോക്ടർമാരാണ്. പനിയും തലവേദനയുമായി എത്തിയ രോഗികളെ പരിശോധിച്ചതിന് ശേഷം ഡോ.എസ്. ആനന്ദാണ് സൂപ്രണ്ട് ഡോ. ശംഭുവിനെ വിവരം അറിയിക്കുന്നത്. ഇരുവരും ചേർന്ന് ഡി.എം.ഒയ്ക്ക് വിവരം നൽകി. ഡോ. ആനന്ദിന് ഇങ്ങനൊരു സംശയം തോന്നിയില്ലായിരുന്നെങ്കിൽ ഒരു പക്ഷെ പത്തനംതിട്ടയിൽ സമൂഹവ്യാപനത്തിലേക്കും വലിയൊരു ദുരിതത്തിലേക്കും ജനങ്ങൾ എത്തുമായിരുന്നു. ഡോ. എസ്. ആനന്ദിനാണ് ഇപ്പോൾ കൊവിഡ് ആശുപത്രി ഡ്യൂട്ടി. പത്തനംതിട്ട കൊവിഡ് ആശുപത്രിയിലാണ് പോസീറ്റീവ് രോഗികളെ ചികിത്സിയ്ക്കുന്നത്. ബാക്കിയുള്ളവരെ ജില്ലാ, താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയാണ് ചെയ്യുക.

ഡോ. എ.എൽ ഷീജ (ഡി.എം.ഒ)

ജില്ലയിൽ പതിനഞ്ച് പേർ നയിക്കുന്ന ടീമാണ് കൊവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതിന്റെ അമരക്കാരിയാണ് ഡോ. എ.എൽ ഷീജ. കൊവിഡ് സ്ഥിരീകരിച്ചപ്പോൾ മുതൽ രാവെന്നൊ പകലെന്നോ ഇല്ലാതെ ആത്മവിശ്വാസത്തോടെയാണ് ഡോക്ടറും ടീമംഗങ്ങളും പ്രവർത്തിച്ചത്.

ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നന്ദിനി, ഇൻഫ്രാസ്ട്രക്ചർ ടീം ലീഡർ ഡോ. സുഭഗൻ, സാമ്പിൾ കളക്ഷൻ ടീം ലീഡർ ഡോ. നിതീഷ്, സർവൈലൻസ് ടീം ലീഡർ ഡോ. രശ്മി, മീഡിയ സർവൈലൻസ് ടീം ലീഡർ ഡോ. അംഗിത്, ഭാര്യ ഡോ. സേതുലക്ഷ്മി എന്നിവരാണ് കൊവിഡുമായി ബന്ധപ്പെട്ട ടീമുകളെ നിയന്ത്രിക്കുന്നത്. ദേശീയ ആരോഗ്യ മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. എബി സുഷൻ, കൊവിഡ് ആശുപത്രി സൂപ്രണ്ട് ഡോ.സാജൻ മാത്യുസ്, ആർ.എം.ഒ ഡോ. ആഷിഷ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ, പന്തളം ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഡോ. ഹരീഷ്, ഇരവിപേരൂരിൽ ഡോ. ശ്രീകാന്ത്, റാന്നി മേനാംതോട്ടം ആശുപത്രിയിൽ ഡോ. വൈശാഖ് എന്നിവരാണ് കൊവിഡ് നിയന്ത്രണത്തിന് വിവിധയിടങ്ങളിൽ നേതൃത്വം നൽകുന്നത്.