പത്തനംതിട്ട: കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ പുറത്താക്കിയ സാഹചര്യത്തിൽ തിരുവല്ല നിയോജകമണ്ഡലത്തിൽ കൊതിക്കണ്ണുകളോടെ നോട്ടം ഇട്ടിരിക്കുകയാണ് യു.ഡി.എഫിലെ വിവിധ കക്ഷികൾ. ഏറെക്കാലമായി കേരളകോൺഗ്രസ് എം ആണ് മണ്ഡലത്തിൽ യു.ഡി.എഫിനെ പ്രതിനിധീകരിക്കുന്നത്. യു.ഡി.എഫ് കോട്ടയായിരുന്ന തിരുവല്ലയിൽ 2003ന് ശേഷം അവർ വിജയിച്ചിട്ടില്ല. കേരള കോൺഗ്രസ് എമ്മിലെ പാരവയ്പ്പുകളാണ് മണ്ഡലം നഷ്ടപ്പെടുന്നതിന് പിന്നിലെന്ന് തിരഞ്ഞെടുപ്പുകൾക്കു ശേഷം യു.ഡി.എഫും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്താറുണ്ട്. നിലവിലെ എം.എൽ.എ ജനതാദൾ എസിലെ മാത്യു ടി. തോമസ് മികച്ച ഭൂരിപക്ഷത്തോടെയാണ് തുടർച്ചയായ മൂന്ന് തവണയും പ്രതിനിധീകരിക്കുന്നത്.
തോൽവി ഒഴിവാക്കാൻ മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കണമെന്ന് പാർട്ടിക്കുള്ളിൽ ആവശ്യം ശക്തമായിരുന്നു.
ജോസ് വിഭാഗത്തെ പുറത്താക്കിയതോടെ ഇനിയെന്ത് എന്ന ചിന്ത യു.ഡി.എഫ് ക്യാമ്പുകളിൽ ചൂടുപിടിച്ചിട്ടുണ്ട്. പാർട്ടി ഏറ്റെടുത്താൽ പഴയ കോട്ട തിരിച്ചുപിടിക്കാമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പറയുന്നത്. അതേസമയം, മണ്ഡലം തങ്ങൾക്ക് കിട്ടണമെന്ന ആവശ്യം ജോസഫ് വിഭാഗം ഉന്നയിച്ചേക്കും. കോൺഗ്രസ് ഏറ്റെടുത്താൽ പ്രൊഫ. പി.ജെ. കുര്യനും ഡോ.സതീഷ് കൊച്ചുപറമ്പിലുമായിരിക്കും മത്സരിക്കാൻ സാദ്ധ്യതയുള്ളവരുടെ മുൻനിരയിൽ. ജോസഫ് വിഭാഗത്തിന് സീറ്റ് ലഭിച്ചാൽ കുഞ്ഞുകോശി പോൾ, പ്രൊഫ. ഡി.കെ.ജോൺ എന്നിവരാണ് പരിഗണിക്കപ്പെടാൻ സാദ്ധ്യതയുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വർഷം കൂടി ബാക്കിയിരിക്കെ അണിയറകൾ ഉണർന്നിട്ടുണ്ട്.
@ പാരവയ്പ്പുകളുടെ ചരിത്രം
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന്റെ തോൽവിക്ക് കാരണം കേരള കോൺഗ്രസ് എമ്മിലെ തമ്മലടിയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.
2006ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വിക്ടർ ടി.തോമസിനെ തറപറ്റിച്ചത് കേരളകോൺഗ്രസ് എം വിമതൻ സാം ഇൗപ്പനായിരുന്നു. സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം യു.ഡി.എഫിന് കിട്ടേണ്ട പകുതിയോളം വോട്ടുകൾ (14, 280) പിടിച്ചെടുത്തു. വിക്ടർ ടി. തോമസിന് ലഭിച്ചത് 19,924 വോട്ടുകൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു ടി.തോമസ് 28,785 വേട്ടുകൾ നേടി. മാത്യു ടിക്ക് 8922 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു.
2011ൽ മാത്യു ടിയോട് വീണ്ടും പരാജയപ്പെട്ട വിക്ടർ പാർട്ടിയിലെ എതിരാളി ജോസഫ് എം.പുതുശേരി വോട്ട് മറിച്ചെന്ന പരസ്യ ആരോപണവുമായി രംഗത്ത് വന്നു. ഇൗ തിരഞ്ഞെടുപ്പിൽ മാത്യു ടിയുടെ ഭൂരിപക്ഷം 10,767ആയി ഉയർന്നു. മാത്യു ടിക്ക് 63,049 വോട്ടുകൾ. വിക്ടർ 52,415 വോട്ടുകൾ നേടി.
2016ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ജോസഫ് എം. പുതുശേരി മത്സര രംഗത്ത് വന്നെങ്കിലും മത്യു ടി. തോമസ് തുടർച്ചയായി മൂന്നാം വിജയം നേടി. തന്റെ തോൽവിക്ക് ഉത്തരവാദികൾ വിക്ടർ ടി.തോമസും കോൺഗ്രസിലെ മുതിർന്ന നേതാവുമാണന്ന് ജോസഫ് എം.പുതുശേരി ആരോപിച്ചിരുന്നു.