തിരുവല്ല: കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ പുറത്താക്കിയതോടെ തിരുവല്ലയിൽ യു.ഡി.എഫ് ഭരണമുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ആകെ ആശയക്കുഴപ്പം. ജോസ് വിഭാഗത്തിന് ഏറെ സ്വാധീനമുള്ള തിരുവല്ലയിൽ നഗരസഭ, പെരിങ്ങര ഗ്രാമപ്പഞ്ചായത്ത്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് യു.ഡി.എഫുമായി ഒരുമിച്ചു ഭരണം പങ്കിടുന്നത്. അടുത്തിടെ ഇവിടങ്ങളിലെല്ലാം വീതംവയ്പ്പും പുതിയ ഭരണനേതൃത്വം ഏറ്റെടുക്കലുമൊക്കെ നടന്നതുമാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇനി സ്വീകരിക്കേണ്ട നിലപാടെന്തെന്ന് നേതാക്കൾക്കും വ്യക്തതയില്ല.

തിരുവല്ല നഗരസഭയിൽ മാർച്ച് 23നാണ് കോൺഗ്രസ് പ്രതിനിധിയായ ജയകുമാർ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ്. ധാരണ അനുസരിച്ച് കേരള കോൺഗ്രസ് (എം) പ്രതിനിധിയായിരുന്ന ചെറിയാൻ പോളച്ചിറയ്ക്കൽ ഒഴിഞ്ഞതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. രണ്ടാഴ്ച മുമ്പ് കോൺഗ്രസ് വൈസ് ചെയർപേഴ്‌സണെ രാജിവെപ്പിച്ച് ജോസ് വിഭാഗത്തിന് സ്ഥാനം കൊടുത്തത് വിവാദം ആകുകയും ചെയ്തിരുന്നു. ആറ് മാസത്തേക്ക് ഇവർക്ക് അവിശ്വാസ ഭീഷണി ഇല്ലാതെ തുടരാനാകും. പെരിങ്ങരയിലും പുളിക്കീഴിലും വരുംദിവസങ്ങളിലെ രാഷ്ട്രീയ നിലപാടുകൾ ഭരണസഖ്യത്തെ ബാധിക്കാനിടയുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് പാർട്ടി നേതൃത്വത്തിന്റെ തീരുമാനമനുസരിച്ച് പ്രവർത്തിക്കുമെന്ന് ഇരുവിഭാഗവും പറയുന്നു. ജില്ലയിൽ കേരള കോൺഗ്രസി (എം)ന്റെ ശക്തികേന്ദ്രമാണ് തിരുവല്ല. മാമ്മൻ മത്തായിയും എലിസബത്ത് മാമ്മൻ മത്തായിയും എം.എൽ.എമാരായി യിരുന്നു. ജോസ് പക്ഷത്ത് പാർട്ടി ഉന്നതാധികാര സമിതി അംഗം ജോസഫ് എം. പുതുശ്ശേരി, ജില്ലാ പ്രസിഡന്റ് എൻ.എം.രാജു, സംസ്ഥാന ജനറൽസെക്രട്ടറി ചെറിയാൻ പോളച്ചിറയ്ക്കൽ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്തംഗവുമായ സാം ഈപ്പൻ എന്നിവരും ജോസഫ് പക്ഷത്ത് നിയമസഭയിലേക്ക് ഒന്നിലേറെ തവണ മത്സരിച്ചിട്ടുള്ളതും യു.ഡി.എഫ് ചെയർമാനുമായ വിക്ടർ ടി.തോമസ്, പാർട്ടി ഉന്നതാധികാര സമിതിയംഗം കുഞ്ഞുകോശി പോൾ ഉൾപ്പെടയുള്ളവരും മണ്ഡലത്തിലുണ്ട്.