തിരുവല്ല: ചാത്തങ്കരി ഗവ.എൽ.പി.സ്‌കൂൾ വളപ്പിലെ പുതിയ കെട്ടിടത്തിൽ അങ്കണവാടി പ്രവർത്തനം തുടങ്ങി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷവും സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ രണ്ടുലക്ഷവും ഉൾപ്പെടെ ചെലവഴിച്ചാണ് പെരിങ്ങര പഞ്ചായത്തിലെ 13 -ാം വാർഡിൽ അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിച്ചത്. ക്ലാസ് മുറിയും അടുക്കളയും സ്റ്റോർ മുറിയും സിറ്റൗട്ടും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ചുറ്റുമതിലും വൈദ്യുതിയും പൂർത്തിയാകാനുണ്ട്. വെള്ളക്കെട്ടും മറ്റു ദുരിതങ്ങളുമായി ഏറെക്കാലം കുട്ടികൾ ബുദ്ധിമുട്ടിയിരുന്ന അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിച്ചത് ആഹ്ളാദമുണ്ടാക്കിയെങ്കിലും രാഷ്ട്രീയ ചേരിതിരിവിൽ നടന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം നിറംകെടുത്തി. എം.എൽ.എയെ പരിപാടിയിൽ പങ്കെടുപ്പിക്കാതിരുന്നതിൽ പ്രതിഷേധിച്ച് വാർഡ് മെമ്പർ വിലാസിനി ഷാജി നാടമുറിച്ച് ആദ്യം ഉദ്ഘാടനം നിർവഹിച്ചു. പിന്നീട് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ച ഔദ്യോഗിക ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് അംബികാ മോഹൻ തിരിതെളിച്ച് നിർവഹിച്ചു.അരമണിക്കൂറിന് വ്യത്യാസത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ്,ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ,ബ്ലോക്ക് മുൻ പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി, വാർഡ് മെമ്പർമാരായ എൻ.എം.ഷിബു,ശാന്തമ്മ ആർ.നായർ,പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പ്രമോദ് ഇളമൺ,എൽ.സി സെക്രട്ടറി സന്ദീപ് കുമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഗിരിജാകുമാരി, അങ്കണവാടി ജീവനക്കാരായ പ്രസന്നകുമാരി,കെ.ശ്രീകുമാരി എന്നിവർ പങ്കെടുത്തു.