99.71 % വിജയം

@ ഉന്നത പഠനത്തിന് യോഗ്യത നേടാത്തത് 30 കുട്ടികൾ

പത്തനംതിട്ട: എസ്. എസ്. എൽ.സിക്ക് 99.71 ശതമാനം വിജയവുമായി പത്തനംതിട്ട വീണ്ടും സംസ്ഥാനതലത്തിൽ മുന്നിൽ. പരീക്ഷയെഴുതിയ 10417 വിദ്യാർത്ഥികളിൽ 10387 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി.

എസ്.എസ്.എൽ.സി വിജയശതമാനതിൽ കുറെ വർഷങ്ങളായി ജില്ല സംസ്ഥാന തലത്തിൽ ഒന്നാമതാണ്. ഇത്തവണ കൊവിഡ് ഭീതിക്കിടെയാണ് ചരിത്ര വിജയം കൈവരിച്ചത്. ഇത്തവണ 30 കുട്ടികൾക്കാണ് ഉന്നത പഠനത്തിന് യോഗ്യത നേടാൻ കഴിയാതെ പോയത്. കഴിഞ്ഞ തവണ 72 പേർക്കാണ് യോഗ്യത ലഭിക്കാതിരുന്നത്.

2019ൽ പ്രളയക്കെടുതികൾക്ക് നടുവിൽ നിന്നാണ് ജില്ല സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയത്. 99.34 ശതമാനമായിരുന്നു വിജയം. പ്രളയത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും പഠനോപകരണങ്ങളുമെല്ലാം നഷ്ടപ്പെട്ടിട്ടും ഉന്നത വിജയം നേടുകയായിരുന്നു.

2018 ൽ 99.11 ശതമാനം വിജയം നേടിയെങ്കിലും സംസ്ഥാനതലത്തിൽ രണ്ടാം സഥാനത്തായിരുന്നു ജില്ല. 2017ൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിജയ ശതമാനം പത്തനംതിട്ടക്കായിരുന്നു. 98.82 ശതമാനം. 2016ലും 99.04 ശതമാനമായി ജില്ല മുന്നിലെത്തിയിരുന്നു. ആ വർഷം സംസ്ഥാനത്ത് ഏറ്റവും കുറച്ച് കുട്ടികൾ പരീക്ഷ എഴുതിയ ജില്ലയും പത്തനംതിട്ട ആയിരുന്നു.

ഇൗ വർഷം പരീക്ഷയെഴുതിയത് 10417

ഉന്നത പഠനത്തിന് യോഗ്യരായവർ 10387

ആൺകുട്ടികൾ 5455

യോഗ്യത നേടിയത് 5439

പെൺകുട്ടികൾ 4962

യോഗ്യത നേടിയത് 4948

1019 ഫുൾ എ പ്ളസ്

പത്തനംതിട്ട: ജില്ലയിൽ 1019 കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 691 പേരും പെൺകുട്ടികളാണ്. പട്ടികജാതി വർഗ വിഭാഗത്തിൽപ്പെട്ട 39 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

@ ആകെ വിദ്യാലയങ്ങൾ 168

@ 145 സ്കൂളുകൾക്ക് 100 ശതമാനം വിജയം

@ 51 ഗവൺമെന്റ് വിദ്യാലയങ്ങളിൽ 41 എണ്ണത്തിനും 112 എയ്ഡഡ് വിദ്യാലയങ്ങളിൽ 97 എണ്ണത്തിനും 100 ശതമാനം വിജയം.

@ ഏഴ് അൺ എയിഡഡ് വിദ്യാലയങ്ങൾക്കും 100 ശതമാനം വിജയം.

അന്യസംസ്ഥാന വിദ്യാർത്ഥി നാട്ടിൽ പോയി;

എം.ജി.എമ്മിന് 100ശതമാനം നഷ്ടമായി

ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ തിരുവല്ല എം.ജി.എം സ്‌കൂളിൽ 350 ൽ ഒരാൾ പരീക്ഷയെഴുതാഞ്ഞത് കാരണം 100 ശതമാനം വിജയം നഷ്ടമായി. ഒരു വിദ്യാർത്ഥി സ്വന്തം സംസ്ഥാനമായ രാജസ്ഥാനിലേക്കു മടങ്ങിയതിനാൽ അവസാന മൂന്ന് പരീക്ഷകൾ എഴുതാൻ കഴിഞ്ഞിരുന്നില്ല.

ഏറ്റവും കുറച്ച് കുട്ടികൾ പരീക്ഷ എഴുതിയ സെന്റ് ജോർജ് ഹൈസ്‌കൂൾ ചായലോട് (4), ജി.എച്ച്.എസ് അഴിയിടത്തുചിറ (3) എന്നിവിടങ്ങളിലെ എല്ലാ കുട്ടികളും വിജയിച്ചു.

'' ജില്ലയിൽ മികച്ച വിജയം നേടുന്നതിന് യത്‌നിച്ച അദ്ധ്യാപകരെയും ഉദ്യോഗസ്ഥരെയും രക്ഷിതാക്കളേയും വിദ്യാർത്ഥികളേയും അഭിനന്ദിക്കുന്നു. മുഴുവൻ വിദ്യാർത്ഥികൾക്കും ഉയർന്ന വിജയം ഉറപ്പുവരുത്താൻ വരുന്ന അദ്ധ്യയന വർഷം ജില്ലാ പഞ്ചായത്തുമായി ചേർന്ന് നൂതന പ്രവർത്തനങ്ങൾ നടപ്പാക്കും.

പി.കെ.ഹരിദാസ്,

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ