ചെന്നീർക്കര: ജീവതശൈലി രോഗത്തിൽ നിന്നുള്ള മുക്തിക്കായി ജില്ലയിലെ ആദ്യത്തെ ഓപ്പൺ ജിം ചെന്നീർക്കര പഞ്ചായത്തിൽ തുടങ്ങി. എല്ലാവരുടെയും ആരോഗ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിം ആരംഭിച്ചിരിക്കുന്നതെന്ന് വീണാ ജോർജ് എം.എൽ.എ പറഞ്ഞു. ചെന്നീർക്കര പഞ്ചായത്ത് സ്റ്റേഡിയത്തിൽ ആരോഗ്യ വകുപ്പിന്റെ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.
വർധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങളെ ചെറുക്കുക എന്ന ഉദ്ദേശത്തോടെയാണ് ആരോഗ്യവകുപ്പ് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ഓപ്പൺ ജിം അനുവദിച്ചത്. ആറന്മുള മണ്ഡലത്തിൽ ഇരവിപേരൂർ പഞ്ചായത്തിലെ ഓതറയിലും പത്തനംനിട്ട നഗരസഭയിലും ഓപ്പൺ ജിം ആരംഭിക്കും.
ആർദ്രം ജനകീയ ക്യാമ്പയിനോട് അനുബന്ധിച്ച് ജീവിതശൈലി രോഗനിയന്ത്രണത്തിന്റെ ഭാഗമായി ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച മൂന്നു ലക്ഷം രൂപ ഉപയോഗിച്ചാണ് ആരോഗ്യവകുപ്പിന്റെയും എൻ.എച്ച്.എമ്മിന്റെയും നേതൃത്വത്തിൽ ഓപ്പൺ ജിം സ്ഥാപിച്ചത്. മുതിർന്നവർക്കും കുട്ടികൾക്കും ഉപയോഗിക്കാവുന്ന തരത്തിൽ വിവിധ വ്യായാമ ഉപകരണങ്ങളായ സീറ്റഡ് ലെഗ് സ്‌ട്രെച്ച്, ഡബിൾ ലാറ്ററൽ പുൾ, എയർ വോക്കർ, ക്രോസ് െ്രസ്രപ്പർ, ചിൻ അപ് ബാർ എന്നിങ്ങനെ വിവിധ ഉപകരണങ്ങളാണ് ഇവിടെ സജീകരിച്ചിരിക്കുന്നത്. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് വേണം ഉപകരണങ്ങൾ ഉപയോഗിക്കാവൂ എന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്, എൻ.എച്ച്.എം ഡി.പി.എം ഡോ.എബി സുഷൻ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ. ടി.കെ.ജി നായർ, ചെന്നീർക്കര കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ജിനു ജി തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എസ് പാപ്പച്ചൻ, വാർഡ് മെമ്പർമാരായ കെ.കെ സജി, ശ്രീലത ശശി, ഹെൽത്ത് ഇൻസ്‌പെക്ടർ സി.വി സുരേഷ്‌കുമാർ, ജോസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.