ചെങ്ങന്നൂർ : എംസി റോഡിൽ ഓടകൾ ശുചീകരിച്ചിട്ടും വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്നതിനാൽ നന്ദാവനം ജംഗ്ഷനിലെ കലുങ്ക് അടിയന്തരമായി പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ പരാതി നൽകി. ഇതു സംബന്ധിച്ച് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ മന്ത്രി ജി.സുധാകരൻ,കെ.എസ്.ടി..പി തിരുവനന്തപുരം എക്‌സിക്യൂട്ടീവ് എൻജിനിയർ ജി.ഗീത,കൊട്ടാരക്കര ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ ടി.ആർ.ജീജ എന്നിവർക്കാണ് പരാതി നൽകിയത്. നഗരസഭാ പ്രദേശത്ത് എം.സി.റോഡിന് കുറുകെയുള്ള നന്ദാവനം ജംഗ്ഷനിലെ കലുങ്ക് തകർന്ന ഭാഗത്ത് മണൽചാക്ക് അടുക്കി അതിന്റെ മുകളിൽ ടാറു ചെയ്തിരിക്കുന്നതിനാൽ കലുങ്കിനടിയിൽക്കൂടി വെളളം ഒഴുകുന്നത് തടസപ്പെട്ടിരിക്കുകയാണ്. നഗരത്തിൽ മഴ പെയ്താൽ ഓട കവിഞ്ഞൊഴുകി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി വലിയ തോതിലുള്ള നാശനഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടാകുന്നത്. വെള്ളക്കെട്ടുള്ള സമയത്ത് റോഡിലൂടെ യാത്രക്കാർക്ക് കാൽനടയായും ഇരുചക്രവാഹനങ്ങളിലും കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്.കെ.എസ്.ടി.പി. നഗരത്തിലെ ഓടകളുടെ ശുചീകരണം ഇതേ ഭാഗത്ത് പൂർത്തീകരിച്ചിട്ടും ചെറിയ മഴ പെയ്താൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്നുണ്ട്. അടിയന്തിരമായി കലുങ്ക് പുനർ നിർമ്മിച്ച് എം.സി.റോഡിൽ നന്ദാവനം ജംഗ്ഷന് സമീപമുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് നഗരസഭാ ചെയർമാൻ കെഷിബുരാജൻ നൽകിയ പരാതിയിൽ പറയുന്നു.