പത്തനംതിട്ട: ജില്ലയിൽ അടുത്ത സാമ്പത്തിക വർഷം ബാങ്കുകൾ 7585 കോടി രൂപ വായ്പ നൽകും. പത്തനംതിട്ട കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന ബാങ്കിംഗ് അവലോകന യോഗത്തിലാണ് തീരുമാനം. കൊവിഡ് 19 പശ്ചാത്തലത്തിൽ വ്യവസായികൾക്കു നൽകുന്ന ആത്മനിർഭർ ഭാരത് വായ്പ, കുടുംബശ്രീ വഴി നൽകുന്ന മുഖ്യമന്ത്രിയുടെ സഹായ പദ്ധതി, വഴിയോരക്കച്ചവടക്കാർക്കുള്ള വായ്പ, പശു വളർത്തൽ ആവശ്യത്തിന് നൽകുന്ന നാലു ശതമാനം പലിശ വായ്പ, സ്വർണപ്പണയ കാർഷിക വായ്പ എന്നിവയെ കുറിച്ച് യോഗം വിലയിരുത്തി. യോഗം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ പി.ബി.നൂഹ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വീണാജോർജ്, രാജു എബ്രഹാം, എ.ഡി.എം അലക്‌സ് പി. തോമസ്, നബാർഡ് എ.ജി.എം വി.കെ പ്രേംകുമാർ, എസ്.ബി.ഐ റീജിയണൽ മാനേജർ പ്രദീപ് നായർ, ലീഡ്ബാങ്ക് മാനേജർ വി. വിജയകുമാരൻ, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് മോർലി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷം 3250 കോടി രൂപ വായ്പ നൽകി. കാർഷിക മേഖലയിൽ 2000 കോടി രൂപയും, പശു വളർത്തൽ, ആടുവളർത്തൽ ഉൾപ്പെടെ കാർഷികേതര മേഖലയിൽ 259 കോടി രൂപയും വ്യവസായ മേഖലയിൽ 384 കോടി രൂപയും ഭവനം, വിദ്യാഭ്യാസം മേഖലയിൽ 771 കോടി രൂപയും വിതരണം ചെയ്തു.