അഞ്ചൽ: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ അഞ്ചൽ സി.ഐ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രക്ഷോഭം ആരംഭിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അഞ്ചൽ പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ച് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. കേസന്വേഷണത്തിൽ ഗുരുതരമായ പാളിച്ചകളാണ് സി.ഐയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും സി.ഐയ്ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. സി.ഐയ്ക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാലും രംഗത്തെത്തിയിരുന്നു. സജിലാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. വനിതാ കമ്മിഷൻ അദ്ധ്യക്ഷ ജോസഫൈനും വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാലും കേസന്വേഷണത്തിൽ സി.ഐയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായതായി വെളിപ്പെടുത്തിയിരുന്നു. സി.ഐയുടെ നടപടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് വനിതാകമ്മിഷൻ അദ്ധ്യക്ഷ റൂറൽ എസ്.പി ഹരിശങ്കറിനോടും ആവശ്യപ്പെട്ടിരുന്നു. ഉത്രയുടെ മൃതദേഹം ദഹിപ്പിക്കുന്നത് തടയുന്നതിലും ഗുരുതരമായ പിഴവാണ് ലോക്കൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് വനിതാ കമ്മിഷൻ കുറ്റപ്പെടുത്തിയിരുന്നു. തങ്ങൾ നൽകിയ പരാതിയിൽ ആദ്യഘട്ടത്തിൽ അഞ്ചൽ എസ്.ഐ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിച്ചിരുന്നെങ്കിലും പിന്നീട് സി.ഐ നിഷ്ക്രിയ നിലപാട് സ്വീകരിച്ചുവെന്നാരോപിച്ചാണ് ഉത്രയുടെ മാതാപിതാക്കൾ റൂറൽ എസ്.പിക്ക് പരാതി നൽകിയത്.