കൊല്ലം: ഒരുകാലത്ത് കണ്ണീര് തോൽക്കുന്ന തെളിനീര് ഒഴുകിയിരുന്ന മരുത്തടി വട്ടക്കായൽ ഇപ്പോൾ തീരങ്ങളിൽ പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. മാലിന്യം അഴുകി ദ്രവിച്ച് അസഹ്യമായ ദുർഗന്ധം കാരണം തീരത്തേക്ക് അടുക്കാൻ പോലുമാകാത്ത അവസ്ഥയാണ്. ഒഴുക്കുനിലച്ച കായലിൽ കൊതുകും ഈച്ചയും പെറ്റുപെരുകുന്നുമുണ്ട്.
പത്തോളം കൈത്തോടുകളിൽ നിന്നാണ് വട്ടക്കായലിലേക്ക് ജലമെത്തുന്നത്. വട്ടക്കായൽ നിറയുമ്പോൾ ഇടത്തോട് വഴി ജലം കട്ടയ്ക്കൽ കായലിലേക്കും പിന്നീട് അഷ്ടമുടി കായലിലേക്കും ഒഴുകും. നേരത്തെ മഴക്കാലത്തിന് മുമ്പേ വട്ടക്കായലിലേക്കുള്ള കൈത്തോടുകൾ ശുചീകരിക്കുന്ന പതിവുണ്ടായിരുന്നു. ഇത്തവണ അതുണ്ടായില്ല. അതുകൊണ്ട് തന്നെ കൈത്തോടുകൾ ഒഴുക്ക് തടസപ്പെട്ട് ചീഞ്ഞുനാറുകയാണ്. കട്ടയ്ക്കൽ കായലിലേക്കുള്ള ഇടത്തോട് ശുചീകരിച്ചിട്ട് പതിറ്റാണ്ടുകളായി.
സാധാരണ ഏപ്രിൽ മാസത്തിൽ വട്ടക്കായലിലെ ജലനിരപ്പ് താഴുന്നതാണ്. എന്നാൽ ഇടത്തോടിലെ ഒഴുക്ക് നിലച്ചതോടെ വേനൽമഴയിൽ കായൽ കരകവിഞ്ഞ് തീരമാകെ ദുരിതത്തിലായി. കാലവർഷം കനക്കുന്നതിന് മുമ്പേ കൈത്തോടുകളും ഇടത്തോടുകളും ശുചീകരിച്ച് ഒഴുക്ക് സുഗമമാക്കിയില്ലെങ്കിൽ പകർച്ചവ്യാധികൾ പടരുന്നതിനൊപ്പം പ്രദേശമാകെ വെള്ളക്കെട്ടിലാകും.
എന്തെല്ലാം സ്വപ്നങ്ങൾ
നേരത്തെ ശക്തികുളങ്ങര പഞ്ചായത്തിന്റെ ഭാഗമായിരുന്നു വട്ടക്കായൽ. പഞ്ചായത്ത് നഗരസഭയിൽ ലയിപ്പിച്ചപ്പോൾ വട്ടക്കായലിന്റെ രൂപവും ഭാവവും മാറ്റി സുന്ദരിയാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങൾ. അത്തരം നിരവധി സ്വപ്നങ്ങൾ നഗരസഭയും സർക്കാരും ജനങ്ങൾക്ക് നൽകി. വട്ടക്കായൽ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കും, ചുറ്റും റോഡുകൾ നിർമ്മിച്ച് സഞ്ചാരികളെ ആകർഷിക്കും, ചെറു ബോട്ടുകൾ ഇറക്കി ഉല്ലാസയാത്ര ഒരുക്കും, ശുദ്ധജല തടാകമാക്കും ഇങ്ങനെ നീളുന്നു അധികൃതരുടെ വീമ്പിളക്കൽ. പക്ഷെ ഒന്നും നടന്നില്ല. അഞ്ച് നഗരസഭാ ഡിവിഷനുകളുടെ ഭാഗമായിട്ടുകൂടി ആരും ഈ ജലാശയത്തിന് വേണ്ടി ശബ്ദമുയർത്തിയില്ല.
കായലിന്റെ വിസ്തൃതി: 25 ഏക്കർ
പരന്നുകിടക്കുന്നത്: 5 നഗരസഭാ ഡിവിഷനുകളിൽ
'' വട്ടക്കായൽ നഗരസഭയുടെ ഭാഗമായിട്ട് 20 വർഷം പിന്നിടുന്നു. ഇതുവരെ നയാപൈസയുടെ വികസനം പോലും വട്ടക്കായലിൽ നഗരസഭ നടപ്പാക്കിയിട്ടില്ല."
അഡ്വ. എസ്. ഷേണാജി (കെ.പി.സി.സി ഒ.ബി.സി ഡിപ്പോർട്ട്മെന്റ് ജില്ലാ ചെയർമാൻ)
സോണൽ ഓഫീസിന് മുന്നിൽ നിൽപ്പ് സമരം
മരുത്തടി വട്ടക്കായലിലും ഇടത്തോടിലും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ഒ.ബി.സി വിഭാഗം ചവറ ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര സോണൽ ഓഫീസിന് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ഒ.ബി.സി വിഭാഗം ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി, ബൈജു പുരുഷോത്തമൻ, കണ്ടച്ചിറ യേശുദാസ്, എറ്റിൽബർട് എമേഴ്സൺ, അബ്ദുൽ റഷീദ്, ആൻസിൽ പൊയ്ക, പ്രകാശ് വെള്ളാപ്പള്ളി, വനജൻ എന്നിവർ സംസാരിച്ചു.